പണമുണ്ടെങ്കിൽ ആർക്കും എഴുത്തുകാരനാകാമെന്നത് അപകടകരം: എം മുകുന്ദൻ

കണ്ണൂർ
പൈസയുണ്ടെങ്കിൽ ആർക്കും എഴുത്തുകാരനാകാമെന്നത് അപകടകരമാണെന്ന് നോവലിസ്റ്റ് എം മുകുന്ദൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്‌തകോത്സവം കലക്ടറേറ്റ് മൈതാനിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഭയില്ലാതെ, പൈസയുണ്ടായാൽമാത്രം മതിയെന്നാണ് സ്ഥിതി. കഥയോ കവിതയോ നോവലോ എഴുതിത്തരാൻ ആളുണ്ടാകും. പൈസ കൊടുത്താൽ പുസ്‌തകം പ്രസിദ്ധീകരിക്കാനും പുരസ്‌കാരങ്ങൾ പൈസ കൊടുത്ത് വാങ്ങാനുമാകുന്നു. ഇവർ വായനക്കാരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കബളിപ്പിക്കൽ വായനക്കാർ എളുപ്പം തിരിച്ചറിയും. പണ്ടൊക്കെ ആനുകാലികങ്ങളിൽ എഴുതി തെളിഞ്ഞവർപോലും പുസ്‌തകം പ്രസിദ്ധീകരിക്കണമെങ്കിൽ പ്രസാധകർക്ക് മുന്നിൽ ക്ഷമയോടെ കാത്തുനിൽക്കണം. ആയിരം കോപ്പി വിറ്റു തീർന്നാലാണ് രണ്ടാം പതിപ്പ് ഇറക്കുക. ഇപ്പോൾ എഴുത്തുകളുടെ ജനാധിപത്യമെന്ന നിലയിൽ വളരെ നല്ല മാറ്റമാണ് ഉണ്ടാകുന്നത്. ധാരാളം എഴുത്തുകാരും പ്രസാധകരുമുണ്ട്. ഓരോ ദിവസവും മനോഹരമായ പുസ്‌തകങ്ങളാണ് പുറത്തിറങ്ങുന്നത്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ രണ്ടാം പതിപ്പിലേക്കും കടക്കുന്നു. യഥാർഥ എഴുത്തുകാരെ പണമല്ല സൃഷ്‌ടിക്കുന്നത് വായനക്കാരാണ്. അവർ എല്ലാ കാലത്തും നിലനിൽക്കുമെന്നും എം മുകുന്ദൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ആദ്യ വിൽപ്പന മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രസ്ഥാലയം പ്രവർത്തകർ പുസ്‌തകം ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ‘അക്ഷരം' ത്രൈമാസിക കെ പി മോഹനൻ എംഎൽഎ ഗ്രന്ഥശാല പ്രവർത്തകൻ ഇ പി ആർ വേശാലക്ക് നൽകി പ്രകാശിപ്പിച്ചു. ടി കെ ഗോവിന്ദൻ, സി എൻ ചന്ദ്രൻ, പി കെ അൻവർ, പി പി വിനീഷ്, സി സുനിൽകുമാർ, അരക്കൻ പുരുഷോത്തമൻ, വി സി അരവിന്ദാക്ഷൻ, വൈക്കത്ത് നാരായണൻ, വി സുജാത, കെ രാജൻ, ടി പ്രകാശൻ, പി കെ വിജയൻ എന്നിവർ സംസാരിച്ചു. നാല് ദിവസത്തെ മേളയിൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള എഴുപതിൽപരം പ്രസാധകരുടെ 150 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ 10 മുതൽ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. പകൽ മൂന്നിന് ‘സർഗാത്മക സ്വാതന്ത്ര്യം' സെമിനാർ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആർട്ടിസ്റ്റ് മദനൻ ഒരുക്കുന്ന ‘എം ടി സ്മരണയിൽ വരയും വർത്തമാനവും'.









0 comments