ad
Deshabhimani

മടപ്പുര കാട്ടിത്തരും നിടുന്പ്രത്തെ

നിടുമ്പ്രം മടപ്പുരയുടെ പടിപ്പുര

നിടുമ്പ്രം മടപ്പുരയുടെ പടിപ്പുര

avatar
റഷീദ്‌ അണിയാരം

Published on Jul 18, 2026, 02:00 AM | 1 min read

ചൊക്ലി

വന്നവരെ മടക്കാത്ത മുത്തപ്പൻ തെയ്യത്തിന്റെ യഥാർഥ പാരന്പര്യം മങ്ങാതെ കാക്കുന്ന മടപ്പുരയുണ്ട്‌ നിടുന്പ്രത്ത്‌. ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യ സൗഹാർദത്തിനപ്പുറത്തല്ലെന്ന്‌ പ്രവൃത്തിയിലൂടെ കാണിക്കുന്ന മടപ്പുരയാണിത്‌. ആഘോഷത്തിനപ്പുറം മത - ജാതി വ്യത്യാസമില്ലാതെ കിടപ്പുരോഗികൾക്കും ചികിത്സാ ആവശ്യമുള്ള ദരിദ്ര കുടുംബങ്ങൾക്കും സഹായമെത്തിക്കാനും മടപ്പുരയുടെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ട്‌. പ്രവാചകൻ മുഹമ്മദിനെ പ്രകീർത്തിക്കുന്ന ഒപ്പനയും യേശുദേവനെ സ്‌തുതിക്കുന്ന മാർഗം കളിയും ഉത്സവ കാലത്ത്‌ ക്ഷേത്രാങ്കണത്തിൽ അവതരിപ്പിച്ച്‌ മാതൃക സൃഷ്ടിച്ച നാട്ടുകാർകൂടിയാണ്‌ മടപ്പുര ഭരണത്തിലുള്ളത്‌. ചെത്തുകാരനായ തുണ്ടിയിൽ അഞ്ഞൂറ്റാനും പൊക്കൻ മൂപ്പനും മകൻ വേലാണ്ടി ബഡുവനും കൂടിയാണ് ചൊക്ലി നിടുമ്പ്രത്തുള്ള ഒറ്റയുള്ളക്കണ്ടി പറമ്പിൽ മുത്തപ്പന് ആസ്ഥാനമൊരുക്കി ആദ്യ വിളക്ക് തെളിയിക്കുന്നത്‌. 1953ലാണ്‌ മടപ്പുര നാട്ടുകാരുടെ കമ്മിറ്റിയിലേക്ക്‌ വരുന്നത്‌. ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കെ വി ദാമോദരൻ മടപ്പുരയുടെ പ്രവർത്തകനായി വന്നതോടെ പരിവർത്തനങ്ങൾക്ക് വഴിമാറി. ഉപകരണ സംഗീതം, ചിത്രരചന, കരാട്ടെ പരിശീലനവും ഇപ്പോൾ മടപ്പുര കലാഭവന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്‌. തെയ്യം അക്കാദമി നിർമിക്കാനായി മടപ്പുരയ്ക്ക് ചേർന്നുള്ള 18 സെന്റ്‌ ഭൂമി സംസ്ഥാന സർക്കാരിന് വിട്ടുനൽകി. അക്കാദമി കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കെ വി ദാമോദരന്റെ സ്മരണയ്ക്കായി ഗ്രന്ഥാലയവും പ്രവർത്തിക്കുന്നു. മനയത്ത് ബാബു പ്രസിഡന്റും രാഘവൻ മാട്ടാൻ സെക്രട്ടറിയും പി പി സുരേന്ദ്രബാബു ട്രഷററുമായ കമ്മിറ്റിയാണ് നിലവിലുള്ളത്. ​

വ്യത്യസ്‌തമായ മടപ്പുര

കേരളത്തിലെ മുന്നൂറിലധികം വരുന്ന മുത്തപ്പൻ ക്ഷേത്രങ്ങളിൽനിന്നെല്ലാം വ്യത്യസ്‌തമാണ് നിടുമ്പ്രം മടപ്പുര. ക്ഷേത്രം എന്നതിലുപരി കലാ- സാംസ്കാരിക- സാമൂഹ്യ വേദിയാണിത്‌. ജാതി മത ഭേദമില്ലാതെ എല്ലാവർക്കും വരാനും സംവദിക്കാനുമുള്ള ഒരിടം. വിശാലമായ ഒരു ഊട്ടുപ്പുരയാണ് മടപ്പുര പ്രവർത്തകരുടെ അടുത്ത ലക്ഷ്യം. പി പി ദയാനന്ദൻ



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home