വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർവൽക്കരണം ചെറുക്കുക

തലശേരി കേരളത്തിലെ സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്കാദമിക സ്വയംഭരണാവകാശം പൂർണമായും സംരക്ഷിക്കണമെന്നും പാഠ്യപദ്ധതിയുടെയും സിലബസിന്റെയും കാവിവൽക്കരണം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയങ്ങളും സിലബസ് പരിഷ്കാരങ്ങളും വിദഗ്ധ സമിതികളുടെയും അക്കാദമിക സമൂഹത്തിന്റെയും ജനാധിപത്യപരമായ ചർച്ചകളുടെയും അടിസ്ഥാനത്തിൽ മാത്രമേ നടപ്പാക്കാവൂ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ദുർബലപ്പെടുത്തിയും സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തിൽ ഇടപെട്ടും പാഠ്യപദ്ധതികളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം ആശങ്കാജനകമാണ്. ഗവേഷണ സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, ക്യാമ്പസുകളിലെ ജനാധിപത്യ അന്തരീക്ഷം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന നടപടി കേരളത്തിലും പ്രകടമാവുകയാണ്. പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ആർഎസ്എസ് സഹയാത്രികരെ ഗവർണർ തിരുകിക്കയറ്റുന്നത് സാധാരണമാവുകയാണ്. പാഠ്യപദ്ധതികളിൽ ചരിത്രത്തെയും സാമൂഹിക ശാസ്ത്ര വിഷയങ്ങളെയും ഏകപക്ഷീയ സമീപനത്തിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാസ്ത്രീയ മനോഭാവവും ഭരണഘടനാ മൂല്യങ്ങളും വളർത്തുന്ന ഇടങ്ങളായി നിലനിർത്തണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. കേന്ദ്ര-–കേരള സർക്കാരുകളുടെ യുവജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടു.











0 comments