ചാടി...പിടിച്ചു...
ഒളിച്ചിരുന്നത് കാടുമൂടിയ പ്രദേശത്ത്

കണ്ണൂർ
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടി ഒളിച്ചിരിക്കാൻ സ്ഥലം തേടിയലഞ്ഞ ഗോവിന്ദച്ചാമി ഒടുവിലെത്തിയത് തളാപ്പ് എൽഐസി ഓഫീസിന് പിറകിലുള്ള കാടുമൂടിയ പ്രദേശത്ത്. നഗരത്തിന്റെ ഹൃദയഭാഗമാണെങ്കിലും ആൾതാമസം കുറവാണ്. സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ്, നെഹ്റു യുവകേന്ദ്ര ഓഫീസ്, നാഷണൽ സ്റ്റാറ്റിറ്റിക്സ് ഓഫീസ് എന്നിവയാണ് ഈ ഭാഗത്ത് പ്രവർത്തിക്കുന്നത്. ഈ സ്ഥലത്തിന്റെ മറ്റൊരു ഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം മുഴുവൻ കാടുമൂടിയ നിലയിലാണ്. സമീപത്ത് വർഷങ്ങളായി അടച്ചിട്ട രാജേശ്വരി ആശുപത്രിയുടെ കെട്ടിടവുമുണ്ട്. കാടുമൂടി വഴിയുൾപ്പെടെ തടസ്സപ്പെട്ടതിനാൽ ഏറെ ബുദ്ധിമുട്ടിവേണം ഇതിലൂടെ അകത്തേക്ക് കടക്കാൻ. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. പെട്ടെന്ന് ആർക്കും കടന്നുചെല്ലാൻ സാധിക്കാത്ത ഒരു പ്രദേശമായതിനാൽ സുരക്ഷിതാമാണെന്ന് കരുതിയായിരിക്കാം ഗോവിന്ദച്ചാമി ഇവിടെ ഒളിച്ചിരുന്നത്. ഈ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധർ രാത്രികാലങ്ങളിൽ എത്താറുണ്ടെന്നാണ് പൊലീസ് നിഗമനം. മദ്യകുപ്പികളും ലഹരി വസ്തുക്കളുടെ അവശിഷ്ടങ്ങളും ഇവിടെ പലയിടങ്ങളിലുണ്ട്.









0 comments