പെരുമയോടെ പിണറായി

ടി കെ അനൂപ്
Published on Oct 16, 2025, 03:00 AM | 2 min read
പിണറായി "വരൂ.. ഒരു ചായ കുടിച്ചിട്ട് പോകാം’ പിണറായിക്കാരുടെ സ്നേഹവായ്പാണ് ഈ ക്ഷണം. പിണറായി പഞ്ചായത്ത് ഓഫീസിൽ എത്തുന്ന എല്ലാവർക്കും ഇങ്ങനെയൊരു ക്ഷണമാണ് ആദ്യം ലഭിക്കുക. ‘ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ’ പദ്ധതിയിലൂടെ ഓഫീസിൽ എത്തുന്നവർക്കെല്ലാം ചായയും പലഹാരവും നാലുവർഷമായി നൽകിവരുന്നു. സംസ്ഥാനത്ത് ഇങ്ങനെയൊരു പദ്ധതിയുള്ള ആദ്യ പഞ്ചായത്താണിത്. സംഗതി ക്ലിക്കായതോടെ മറ്റുള്ളവരും ഏറ്റെടുത്തു. ആതിഥ്യമര്യാദയിലെ ഇൗ മാതൃക വികസനകാര്യത്തിലുമുണ്ട്. സ്വന്തമായി വീട്, സുന്ദരമായ പാത– പൊതുഇടം, നാട് വൃത്തിയായിരിക്കാൻ എംസിഎഫുകളും ബോട്ടിൽ ബൂത്തും ആഘോഷങ്ങൾക്കും കൂട്ടായ്‌മകൾക്കും കൺവൻഷൻ സെന്റർ... പിണറായി പഞ്ചായത്തിന്റെ വികസനവിശേഷം പറഞ്ഞാൽ തീരില്ല. കണ്ണടച്ച് തുറക്കുംവേഗത്തിലാണ് ഇവിടെ ജനജീവിതം കളറായത്. മികവോടെ കുടുംബശ്രീ സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ ജിം, ഹോം സ്റ്റേ എന്നിവ ആരംഭിക്കുന്നത് പിണറായിയിലാണ്. സംസ്ഥാന കുടുംബശ്രീ മിഷനിൽനിന്ന് സിഡിഎസിന് സംരംഭക പുരസ്‌കാരം ലഭിച്ചു. 122 കുടുംബശ്രീ സംരംഭങ്ങളാണ് ആരംഭിച്ചത്. 400 പേർക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കി. നാലുശതമാനം പലിശക്ക് പിന്നാക്ക വികസന കോർപ്പറേഷന്റെ മൂന്ന് കോടി രൂപ 40 കുടുംബശ്രീക്ക് വിതരണംചെയ്തു. വൃത്തിയിലും മികവ് 36 ഹരിതകർമ സേനാംഗങ്ങൾ പ്രവർത്തിക്കുന്നു. 55 മിനി എംസിഎഫുകൾ സ്ഥാപിച്ചു. ഒരു വാർഡിൽ മൂന്നുവീതം ആകെ 57 ബോട്ടിൽ ബൂത്തുകൾ. പൊതുഇടങ്ങളിൽ നൂറ് മാലിന്യ നിക്ഷേപ ബിന്നുകളും. കരുതലായി ആരോഗ്യം ആരോഗ്യമേഖലയിൽ വിവിധ പദ്ധതികൾ. പാലിയേറ്റീവ് പ്രവർത്തനവും മെച്ചപ്പെടുത്തി. മുതിർന്ന പൗരന്മാർ ഉൾപ്പെടെ 30 വയസിനുമുകളിലുള്ളവർക്ക് ജീവിതശൈലി രോഗനിയന്ത്രണ ബോധവൽക്കരണവും ചികിത്സയും നടക്കുന്നു. പിണറായി കമ്യൂണിറ്റി ഹെൽത്ത് സെന്റർ, ആയുർവേദ, വെറ്ററിനറി, ഹോമിയോ ആശുപത്രികൾ എന്നിവിടങ്ങളിൽ മികച്ച സേവനം. ഹോമിയോ ഡിസ്പെൻസറിക്കും പാനുണ്ട സബ്സെന്ററിനും പുതിയ കെട്ടിടം. കാർഷിക മേഖലയിൽ പുത്തനുണർവ് സ്വന്തമായി ജൈവവളം നിർമാണ യൂണിറ്റ് ആരംഭിച്ചു. 9 പേർക്ക് സ്ഥിരംതൊഴിൽ നൽകി. പതിനഞ്ചോളംപേർക്കും കുടുംബങ്ങൾക്കും വരുമാനമായി. കാർഷിക കർമസേന വളം ഉൽപാദിപ്പിച്ച് കുറഞ്ഞനിരക്കിൽ കർഷകർക്ക് നൽകി. പച്ചക്കറി തൈകളും വിതരണംചെയ്തു. തരിശുഭൂമി കൃഷിയോഗ്യമാക്കി. മാംസ ഉൽപാദനത്തിന് പോത്തുകുട്ടികളെ വിതരണംചെയ്തു. മുട്ടക്കോഴി വളർത്തൽ, കന്നുകുട്ടികൾക്ക് ധാതുലവണ മിശ്രിതം പദ്ധതി എന്നിവ നടപ്പാക്കി. ജൈവവൈവിധ്യ പാർക്ക് എരുവട്ടിയിൽ ജില്ലയിലെ ആദ്യത്തെ ജൈവവൈവിധ്യ പാർക്ക് ഒരുക്കി. സസ്യങ്ങളെ ജിയോടാഗ്ചെയ്ത് വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി. ഇരിപ്പിടങ്ങളും വായന കോർണറും ക്രമീകരിച്ചു. ഭിന്നശേഷിക്കാരെ ചേർത്തുനിർത്തി ഭിന്നശേഷിക്കാർക്കായി കലോത്സവം നടത്തി. സ്കോളർഷിപ്പും ഉറപ്പുവരുത്തി. വയോജനങ്ങൾക്ക് പരിരക്ഷ. പട്ടികജാതി കുട്ടികൾക്ക് പഠനോപകരണങ്ങൾ. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകി. കുട്ടികൾക്ക് പഠനോപകരണങ്ങൾ, മത്സ്യ അനുബന്ധ തൊഴിലാളികൾക്ക് ഇരുചക്ര വാഹനവും ഐസ് ബോക്സും. എല്ലാ വീടുകളിലും കുടിവെള്ളമെത്തിച്ചു.
‘സംസ്ഥാന സർക്കാർ പദ്ധതികൾക്കുപുറമെ അഞ്ചുവർഷംകൊണ്ട് 39.32 കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. കാർഷിക, ആരോഗ്യ, ഗതാഗതരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കി. സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ജില്ല-, ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹകരണത്തോടെ നിരവധി വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കി.’ (കെ കെ രാജീവൻ പ്രസിഡന്റ് )
പഞ്ചായത്തിന്റെ സമഗ്രപുരോഗതിയാണ് ഭരണസമിതി ലക്ഷ്യമിട്ടത്. അതിനിണങ്ങുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചത്. കുടുംബശ്രീയെ ശക്തിപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കും ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാനായത് സംതൃപ്തി. (നെല്ലിക്ക അനിത വൈസ് പ്രസിഡന്റ്)










0 comments