എളയാവൂർ മണ്ണിടിച്ചിലിന് കാരണം ഡിസൈൻ തകരാർ: പിണറായി

എളയാവൂർ സൗത്ത് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിക്കുന്നു
കണ്ണൂർ
എളയാവൂർ സൗത്തിലെ ദേശീയപാത നിർമാണസ്ഥലത്തെ മണ്ണിടിച്ചിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. തിരുവോണ നാളിൽ പകൽ 11 ഓടെ സ്ഥലത്തെത്തിയ പിണറായി, നാട്ടുകാരിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ദേശീയപാതാ രൂപകൽപ്പനയിലെ പിശകാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് പിണറായി പറഞ്ഞു. ഇനിയും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപട അടിയന്തരമായി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാനകമ്മിറ്റിയംഗം എൻ ചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായി. മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റി കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. മണ്ണുപാളി വഴുതിമാറുന്ന അവസ്ഥയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് റിപ്പോർട്ടിലെ നിഗമനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദിവസവും സുരക്ഷാ പരിശോധന നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കലക്ടർ ദേശീയപാതാ അധികൃതർക്ക് നിർദേശം നൽകി. എളയാവൂർ സൗത്ത് മെട്രോ ഗാരേജിനു സമീപം ദേശീപാതയുടെ ഭാഗമായി നിർമിച്ച സംരക്ഷണ ഭിത്തിക്ക് മുകളിലായുള്ള മൺതിട്ടയാണ് ഇടിഞ്ഞുതാണത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ ആറിനാണ് സംഭവം. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു. വലിയ കുന്നിടിച്ചാണ് ഇവിടെ റോഡ് നിർമിച്ചിച്ചത്. പതിനാറടിയോളം താഴ്ചയിലാണ് ഇതുവഴി ദേശീയപാത കടന്നുപോകുന്നത്. ഇവിടെ സർവീസ് റോഡിന് സ്ഥലം ഏറ്റെടുത്തെങ്കിലും പ്രവൃത്തി ഇതുവരെയും തുടങ്ങിയിട്ടില്ല. പലർക്കും വീടുകളിലെത്താൻ വഴി പോലുമില്ലാത്ത അവസ്ഥയിലാണ്.










0 comments