നിറയട്ടെ പച്ച

പുരയിടത്തിലെ കായാമ്പൂ ചെടിക്കൊപ്പം മുട്ടത്തില്‍ ജോർജ്
ജൈവ കാവല്‍ക്കാരന്‍
നൗഷാദ് നടുവില്‍
ആലക്കോട്
സ്വന്തം ഭൂമിയെ ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രമാക്കി മാറ്റി മാതൃകയാകുകയാണ് നടുവില്‍ പുല്ലംവനം സ്വദേശി മുട്ടത്തില്‍ ജോർജ് (69). പതിറ്റാണ്ടുകളായി വിവിധയിനം വൃക്ഷങ്ങളും ഔഷധസസ്യങ്ങളും അപൂർവ സസ്യജാലങ്ങളും സംരക്ഷിച്ച് വളർത്തിയെടുത്ത അദ്ദേഹത്തിന്റെ അര ഏക്കര്‍ പുരയിടം പ്രകൃതിസ്നേഹികൾക്കും വിദ്യാർഥികൾക്കും പഠനകേന്ദ്രമായി മാറിയിട്ടുണ്ട്. പന്ത്രണ്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം ഇവിടെ എത്തിയ ജോര്‍ജ്, മലയോര കുടിയേറ്റ കര്‍ഷകന്റെ തനതായ കൃഷി രീതിയില്‍ മാതാപിതാക്കള്‍ക്കൊപ്പം പങ്ക് ചേര്‍ന്നിരുന്നു. 40 വര്‍ഷംമുമ്പ് അട്ടപ്പാടിയിലെ അഗിളിയില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്തതോട് കൂടിയാണ് പ്രകൃതിസംരക്ഷണം തപസ്സായി മാറ്റുന്നത്. അന്ന് ആരംഭിച്ച പ്രവർത്തനത്താൽ വർഷങ്ങൾക്കിപ്പുറം തന്റെ 50 സെന്റ് ഭൂമി ഇന്ന് സമ്പന്നമായ ഒരു ജൈവവൈവിധ്യ കേന്ദ്രമായി. നിരവധി ദേശാടന, -നാടൻ വൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, സുഗന്ധസസ്യങ്ങൾ തുടങ്ങി 450ൽപരം ഇനങ്ങൾ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. പുതുതലമുറക്ക് പുസ്തക താളുകളില്‍ മാത്രം പരിചയമുള്ള വയമ്പ്, ആടലോടകം, ഏഴിലം പാല, ആനഗരിഡക്കൊടി, മുക്കുറ്റി, കമണ്ഡലു മരം, നീര്‍വാളം, രുദ്രാക്ഷം എന്നിങ്ങനെ സസ്യങ്ങളുടെ പട്ടിക നീളുന്നു. അദ്ദേഹത്തിന്റെ പറമ്പിലുള്ള മുഴുവന്‍ സസ്യങ്ങളുടെയും പേരും ശാസ്ത്ര നാമം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ പട്ടികയും അദ്ദേഹം തയ്യാറാക്കീട്ടുണ്ട്. പക്ഷികൾക്കും ചെറുജീവികൾക്കും ആവാസവ്യവസ്ഥ ഒരുക്കുന്ന രീതിയിലാണ് ജൈവസസ്യ കേന്ദ്രത്തിന്റെ പരിപാലനം. പ്രകൃതിദത്ത രീതികൾക്ക് മുൻഗണന നൽകിക്കൊണ്ട് രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയാണ് സസ്യസംരക്ഷണം നടത്തുന്നത്.










0 comments