ട്രോളിങ് നിരോധനം 9 മുതൽ
ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിടണം

കാസർകോട്
ഒമ്പതിന് അർധരാത്രി 12 മുതൽ ജൂലൈ 31 അർധരാത്രി 12 വരെയുള്ള 52 ദിവസ കാലയളവിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോകാൻ നിർദേശം നൽകും. കലക്ടറേറ്റിൽചേർന്ന യോഗത്തിലാണ് തീരുമാനം. എഡിഎം കെ വി ശ്രുതി അധ്യക്ഷയായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് നടപടികൾ വിശദീകരിച്ചു. മെയ് 15 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. കടൽ രക്ഷാപ്രവർത്തനത്തിനും പെട്രോളിങ്ങിനുമായി മഞ്ചേശ്വരം, മടക്കര ഹാർബറുകൾ കേന്ദ്രീകരിച്ച് രണ്ട് രക്ഷാ ബോട്ടുകൾ സജ്ജീകരിക്കുന്നതിനുള്ള ക്വട്ടേഷൻ നടപടികൾ അംഗീകാരത്തിനായി ഫിഷറീസ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. കീഴൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒരു ഫൈബർ തോണി അനുവദിച്ചു. ഫിഷറീസ് റെസ്ക്യു യൂണിറ്റ് എന്ന നിലയിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഹാർബറുകൾ കേന്ദ്രീകരിച്ച് 12സീ റെസ്ക്യൂ ഗാർഡുമാരെയും മൂന്ന് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ നാല് റസ്ക്യൂ ഗാർഡുമാരെ കൂടി നിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിങ്ങിനുമായി 10 പൊലീസ് സേനാംഗങ്ങളുടെ സേവനംകൂടി ലഭ്യമാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകി. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷൻ കൂടാതെ മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും വിവിധ മത്സ്യത്തൊഴിലാളി സംഘടന, ട്രേഡ് യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.










0 comments