ദേശീയപാതയിൽനിന്ന് കല്ലും മണ്ണും താഴേക്ക്
ഉറക്കം നഷ്ടപ്പെട്ട് കുണ്ടടുക്കത്തുകാർ

വ്യാഴം പകലുണ്ടായ മഴയിൽ ദേശീയപാതയിൽനിന്നും കുണ്ടടുക്കത്തേക്ക് ഒഴുകിയെത്തിയ കല്ലും മണ്ണും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കുന്നു

സ്വന്തം ലേഖകൻ
Published on Jun 05, 2026, 02:42 AM | 1 min read
ചെർക്കള
ഉരുൾപൊട്ടി കുത്തിയൊലിക്കുന്ന പ്രളയത്തിന് സമാനമായ അവസ്ഥയാണ് വ്യാഴം പകൽ പതിനൊന്നോടെ പെയ്‌ത മഴയെത്തുടർന്ന് ചെർക്കള കുണ്ടടുക്കത്തുകാർ അനുഭവിച്ചത്. വലിയ ശബ്ദത്തോടെയായിരുന്നു കല്ലും മണ്ണും താഴേക്ക് ഒഴുകിയെത്തിയത്. പേടിച്ച് വീടിനുള്ളിൽ ഇരിക്കാനാവാത്ത അവസ്ഥ. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടുത്തിട്ട മണ്ണും കല്ലുമാണ് കുണ്ടടുക്കത്തെ ജനജീവിതത്തിന് ഭീഷണിയായി മാറുന്നത്. ചൊവ്വ രാത്രിയുണ്ടായ മഴയിൽ വീട്ടുമുറ്റങ്ങളും കൃഷിയിടങ്ങളുമെല്ലാം ചെളിക്കുളമായിരുന്നു. മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് മണ്ണും ചെളിയും മാറ്റി ഇവിടേക്കുള്ള റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാൽ വ്യാഴം പകലുണ്ടായ മഴയിൽ മുന്പത്തേക്കാളും ഭീകരമായ അവസ്ഥയാണ് ഇൗ നാടൊന്നാകെ നേടിടേണ്ടി വന്നത്. കഴിഞ്ഞദിവസം കലക്ടർ ഉൾപ്പെടെ ചെർക്കള ടൗണിലെത്തി നിർമാണപ്രവർത്തനം വിലയിരുത്തിയെങ്കിലും എല്ലാ മഴക്കാലത്തും കുണ്ടടുക്കം, പുലിക്കുണ്ട് പ്രദേശവാസികൾ അനുഭവിക്കുന്ന പ്രയാസം കാണാൻപോലും തയ്യാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടകളും ടൂറിസം കേന്ദ്രങ്ങളും കാണുകയും സൈക്കിളിൽ ചുറ്റിയടിക്കുകയും ചെയ്യുന്ന കലക്ടർ ഇൗ നാടിന്റെ അടിസ്ഥാന പ്രശ്‌നത്തിന് പരിഹാരം കാണാനും സമയം കണ്ടെത്തണമെന്നാണ് ഇവിടുത്തുകാർ പറയുന്നത്. രാത്രിയിൽ ഒന്നുറങ്ങാൻപോലും കഴിയാതെ പേടിച്ചാണ് കഴിയുന്നത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണും കല്ലുമെല്ലാം എടുത്തിട്ടിട്ടുണ്ട്. ഇത് സംരക്ഷണഭിത്തി കെട്ടി തടഞ്ഞുനിർത്താൻ കരാർ കന്പനി ഇതുവരെയും തയ്യാറാകാത്തതാണ് മണ്ണും കല്ലുമെല്ലാം താഴേക്ക് പതിക്കാൻ കാരണം. രണ്ടുവർഷമായി ജനങ്ങൾ നേരിടുന്ന പ്രയാസം എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റുമെല്ലാം നേരിട്ട് കണ്ടറിഞ്ഞതാണ്. എന്നാൽ പരിഹാരം ഇന്നും അകലെ മാത്രമെന്നതാണ് യാഥാർഥ്യം. വലിയ കല്ലുകൾ താഴേക്ക് പതിച്ച് വലിയ അപകടമുണ്ടാകും മുന്പുതന്നെ ഏതുവിധേനയും വെള്ളം സുരക്ഷിതമായി ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.










0 comments