നാട്ടുകാർ പ്രതിഷേധിച്ചതോടെ മടങ്ങി
കടവന്ത്രയിൽ വീട് ഒഴിപ്പിക്കാന്‍ ശ്രമം

ചിലവന്നൂർ പൊന്നേത്ത് സൗത്ത് റോഡിന് സമീപം ആറുകണ്ടത്തിൽ വീട്ടിൽ ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയപ്പോൾ
കൊച്ചി
കടവന്ത്രയിൽ വീട് ഒഴിപ്പിക്കാനെത്തിയ കോടതി ജീവനക്കാർ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഒഴിപ്പിക്കാതെ മടങ്ങി. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനും വാട്ടർ കണക്ഷനും വിച്ഛേദിപ്പിച്ചാണ് ജീവനക്കാർ മടങ്ങിയത്. പൊന്നോത്ത് റോഡിൽ ആറുകണ്ടത്തിൽ ബിന്ദു ഷാജിയുടെ വീടാണ് ഒഴിപ്പിക്കാനെത്തിയത്. മൂന്നാമത്തെ പ്രാവശ്യമാണ് ജില്ലാ കോടതിയിൽ നിന്നും ആമീൻ ഉൾപ്പെടെയുള്ള ജീവനക്കാർ പൊലീസ് സന്നാഹത്തോടെ വീട് ഒഴിപ്പിക്കാനെത്തുന്നത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിന്ദു ഷാജിയെ നാട്ടുകാർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
40 വർഷത്തിലധികമായി ബിന്ദു ഷാജിയും കുടുംബവും പൊന്നോത്ത് റോഡിലെ സ്ഥലത്താണ് താമസിക്കുന്നത്. ബിന്ദുവിന്റെ വീടിരിക്കുന്ന മൂന്ന് സെന്റ് ഉൾപ്പെടെ 62 സെന്റ് പുറംപോക്ക് ഭൂമിക്ക് വളഞ്ഞമ്പലം സ്വദേശിയും എതിർകക്ഷിക്കാരനുമായ രവീന്ദ്രന്റെ അച്ഛൻ 1995-ൽ പട്ടയം സമ്പാദിച്ചിരുന്നു. ബിന്ദുവും കുടുംബവും പറമ്പിൽ അനധികൃതമായി താമസിക്കുകയാണന്നും കുടുംബത്തെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രവീന്ദ്രൻ 2017ൽ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു.
എന്നാൽ, ബിന്ദുവിന് അനുകൂലമായി വിധിവന്നു. തുടർന്ന് രവീന്ദ്രൻ വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ നൽകി അനുകൂലമായ വിധി സമ്പാദിച്ചു. ഇതിനെതിരെ ബിന്ദു ഷാജി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായതെന്ന് സിപിഐ എം കടവന്ത്ര ലോക്കൽ സെക്രട്ടറി കെ പി പ്രതീഷ് കുമാർ പറഞ്ഞു.










0 comments