നോവോർമയായി അമർ, 
പുസ്തകപ്പൂക്കളമിട്ട് ശ്രദ്ധാഞ്ജലി

കുറുമാത്തൂർ ജിവിഎച്ച്എസ്എസിലെ ഹൈസ്കൂൾവിഭാഗം വിദ്യാർഥികൾ ഒരുക്കിയ പുസ്തകപ്പൂക്കളം
വെബ് ഡെസ്ക്

Published on Aug 28, 2025, 03:00 AM | 1 min read

തളിപ്പറമ്പ്

ഇനിയൊരിക്കലും കാണില്ലാത്തവിധം മറഞ്ഞുപോയ അമറിന്റെ ഓർമകൾ നിറഞ്ഞുനിൽക്കുമ്പോൾ സഹപാഠികളെങ്ങനെ ഓണസദ്യയുണ്ണും. ആ വേദനയിൽ നിറംമങ്ങിപ്പോയ ഓണക്കാലത്തിന്റെ ഓർമയ്ക്ക് വായനയുടെ ഓണപ്പൂക്കളമൊരുക്കിയാണ് സഹപാഠികൾ അമറിന് ശ്രദ്ധാഞ്ജലിയൊരുക്കിയത്. കുറുമാത്തൂർ ജിവിഎച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളാണ് അക്ഷരമുറ്റത്ത് പുസ്തകപ്പൂക്കളമെഴുതി വായനയുടെ ഓണക്കാലം തീർത്തത്. ജൂലൈ 27നാണ് ഒമ്പതാംക്ലാസിലെ അമർ ബിന്ദാനി ന്യൂമോണിയ ബാധിച്ച് മരിച്ചത്. ഒഡിഷ സ്വദേശിയായ അമറിന്റെ ഓർമയിൽ ഈ വർഷം ഓണാഘോഷങ്ങൾ വായനക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചതും കുട്ടികൾതന്നെ. തുടർന്നാണ് അധ്യാപകർക്കൊപ്പംചേർന്ന് നാടിന്റെ വെളിച്ചങ്ങളായ പുസ്തകങ്ങൾ ചേർത്തുവച്ച് കുട്ടികൾ അക്ഷരപ്പൂക്കളമൊരുക്കിയത്. പൂക്കളത്തിൽ ഒരുക്കിയ പുസ്തകങ്ങളെല്ലാം കുട്ടികൾ ഓണാവധിക്കാലത്ത് വായിച്ച് തീർക്കും. ബുധനാഴ്ച 140 പുസ്തകങ്ങൾ ലൈബ്രറി രജിസ്റ്റർവഴി വിതരണംചെയ്തു. ഇവയുടെയെല്ലാം വായന കുറിപ്പുകളുമായാണ് ഓണാവധിക്കുശേഷം കുട്ടികളെത്തുക. പ്രധാനാധ്യാപകൻ പി രമേശൻ പുസ്തകപ്പൂക്കളം ഉദ്ഘാടനംചെയ്തു. മലയാളം പുസ്തകങ്ങളെക്കുറിച്ച് കവയത്രികൂടിയായ കെ ആർ രേഖയും ഹിന്ദി പുസ്തക വായനയെക്കുറിച്ച് കെ ബിന്ദുവും ഇംഗ്ലീഷ് പുസ്തകങ്ങളെക്കുറിച്ച് എം ജി മല്ലികയും സംസാരിച്ചു. ചിത്രകലാ അധ്യാപകനായ യു വി മധുസൂദനൻ പുസ്തകപ്പൂക്കളമൊരുക്കാൻ കുട്ടികളെ സഹായിച്ചു. മലയാളം അധ്യാപകൻ മധു പനക്കാട് നന്ദി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home