പുറക്കളം ഒരു കളർക്കളം

ആരാധകരുടെ ആവേശം ഉയരുന്നതിനൊപ്പം ഓർഡറുകളും കുതിച്ചുയർന്നതോടെ തിരക്കിലായ കൂത്തുപറമ്പ് പുറക്കളത്തെ ഡ്രീംസ് ഗാർമെന്റ്സ്
ടി കെ അനൂപ് പിണറായി
Published on Jun 05, 2026, 02:33 AM | 1 min read
പിണറായി
ലോകകപ്പ് തുടങ്ങാൻ ദിവസങ്ങളുണ്ടെങ്കിലും കൂത്തുപറമ്പിനടുത്ത പുറക്കളത്ത് ഡ്രീംസ് ഗാർമെന്റ്സിൽ മത്സരം നേരത്തെ തുടങ്ങി. ഗോൾ നേടാൻ താരങ്ങൾ മൈതാനത്തിറങ്ങുന്നതിനുമുമ്പ് ആരാധകരുടെ ആവേശം ഉയർത്തുന്ന കൊടികൾക്കും തോരണങ്ങൾക്കും ജീവൻ നൽകുകയാണ് ഇവിടെ. ഡ്രീംസ് ഗാർമെന്റ്സിൽ ഇപ്പോൾ മെഷീനുകൾക്ക് വിശ്രമമില്ല. ഓർഡറുകൾ തീർക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ലോകകപ്പ് ആവേശം തുണിയിലേക്കും നിറങ്ങളിലേക്കും പകർത്തുന്ന തിരക്കിലാണ്. അർജന്റീനയുടെ ആകാശനീലയും വെള്ളയും, ബ്രസീലിന്റെ മഞ്ഞയും പച്ചയും, പോർച്ചുഗലിന്റെ ചുവപ്പും പച്ചയും, ഫ്രാൻസിന്റെ ത്രിവർണവും, ജർമനിയുടെയും സ്പെയിനിന്റെയും ദേശീയ പതാകകളും ഉൾപ്പെടെ ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും കൊടികൾ ഇവിടെ ഒരുക്കുന്നു. അര മീറ്റർ കൊടിക്ക് 50 രൂപ മുതലാണ് വില. മൂന്നുമുതൽ പത്ത് മീറ്റർവരെ നീളമുള്ള ഭീമൻ കൊടികൾക്കാണ് കൂടുതൽ ആവശ്യക്കാർ. 600 രൂപ മുതൽ 2000 രൂപ വരെ വില വരുന്ന കൊടികൾ ആരാധകർ വലിയ തോതിൽ ഓർഡർ ചെയ്യുന്നുണ്ട്. അഞ്ച് മീറ്റർ മുതൽ എട്ട് മീറ്റർ വരെ നീളമുള്ള കസ്റ്റമൈസ്ഡ് കൊടികളും പ്രത്യേകമായി തയ്യാറാക്കുന്നു. വിവിധ രാജ്യങ്ങളുടെ ജേഴ്‌സികൾ, കൊടിക്കൂറകൾ, ഫുട്ബോൾ അലങ്കാര വസ്തുക്കൾ, തോരണങ്ങൾ, കട്ടൗട്ടുകൾ തുടങ്ങി ആരാധകരുടെ ആഘോഷങ്ങൾക്ക് ആവശ്യമായ എല്ലാം ഒരേ കുടക്കീഴിൽ ലഭ്യമാക്കുകയാണ് ഇവർ. ഫുട്ബോൾ ആവേശം വീടുകളിലും ക്ലബ്ബുകളിലും തെരുവുകളിലും നിറയ്ക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഒരിടത്ത് ലഭിക്കുന്നതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ആളുകൾ എത്തുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ബംഗളൂരു, വിരാജ്പേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നും ഓർഡറുകൾ എത്തുന്നു. ആവേശത്തിന്റെ തോത് അത്രമേൽ ഉയർന്നതിനാൽ ലഭിക്കുന്ന എല്ലാ ഓർഡറുകളും സമയത്ത് പൂർത്തിയാക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയാണെന്ന് സ്ഥാപന ഉടമ കെ പ്രദീപൻ പറഞ്ഞു.










0 comments