രുചികളുടെ വിജയസ്മിതം

ബിജു കാർത്തിക്
Published on Aug 07, 2025, 03:00 AM | 1 min read
തളിപ്പറമ്പ്
സ്വകാര്യ ആശുപത്രിയിൽ സ്കിൻ അസിസ്റ്റന്റായിരുന്ന കാലം മറികടന്ന് സ്മിത ഫുഡ്സിന്റെ ചുമതലക്കാരിയായ സ്വയംസംരംഭകയുടെ വിജയസ്മിതത്തിന് രണ്ടുവയസ്സ്. മൂല്യവർധിത ഉൽപ്പന്നങ്ങളായ ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ഇടിച്ചക്കപ്പൊടി, ചക്കവരട്ടി, ചക്കക്കുരു, അവലോസുപൊടി, ചക്ക ഹൽവ, ജാം, സ്‌ക്വാഷ്, ചക്കകൊണ്ടുള്ള ദോശ, -ഇഡലി,- പൂരി. ചക്കയുടെ മുള്ളുകൊണ്ടുള്ള ദാഹശമനി, ഐസ്ക്രീം എന്നിങ്ങനെ ചക്ക വൈവിധ്യങ്ങളുടെ കലവറയാണ് വളക്കൈ എ കെ ജി റോഡിനടുത്ത സ്മിത ജോസഫിന്റെ ‘സ്മിതാസ് ഫുഡ് പ്രൊഡക്ട്സ്'. സീസണിൽ പഴുത്തചക്ക ചുളകളാക്കിയും വിൽക്കുന്നു. ചക്ക വിലകൊടുത്ത് വാങ്ങി വരട്ടിയും ഉണക്കിപ്പൊടിച്ചും ഓഫ്സീസണിലേക്ക് സൂക്ഷിക്കുന്നുമുണ്ട്. മലബാർ ജാക്ക് ഫ്രൂട്ട് സൊസൈറ്റിയിലെ വിദഗ്ധ പരിശീലനത്തിലൂടെയാണ് സംരംഭത്തിലേക്ക് തിരിഞ്ഞത്. ആവശ്യമായ മറ്റ് സാധനങ്ങൾ കർഷക കൂട്ടായ്മയായ കേരള മാർക്കറ്റ് ഗ്രൂപ്പിലൂടെ നേരിട്ട് വാങ്ങും. ഫുഡ് സേഫ്റ്റി ലൈസൻസും പാക്കിങ് ലൈസൻസും നേടി വീട്ടിൽതന്നെയാണ് എല്ലാംചെയ്യുന്നത്. 2023 ഏപ്രിലിൽ ആരംഭിച്ച സംരംഭത്തിന് അമ്മ സൂസമ്മയാണ് മുഖ്യസഹായി. കപ്പപുട്ടുപ്പൊടി ,കറിവേപ്പിലപ്പൊടി, മുരിങ്ങയിലപ്പൊടി, വെളുത്തുള്ളിപ്പൊടി, കാന്താരിമുളകുപൊടി, ഇഞ്ചിപ്പൊടി, നെല്ലിക്കപ്പൊടി, മാങ്ങാപ്പൊടി, മധുരക്കിഴങ്ങുപൊടി, കായപ്പൊടികൾ, മീൻ, -ബീഫ് അച്ചാറുകളും തയ്യാറാക്കുന്നുണ്ട്. മേഘാലയയിലെ കർഷക കൂട്ടായ്മയുടെ ഭാഗമായ ഐസ് ക്രീം ഫാക്ടറിയിലെ ജീവനക്കാർക്കുവേണ്ടി ചക്ക മൂല്യവർധിത ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്താനും പരിശീലനം നൽകാനും ലഭിച്ച അവസരം മറക്കാനാവില്ലെന്ന് സ്മിത പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അനീഷാണ് ജീവിതപങ്കാളി. ശിൽപ്പ, ശീതൾ, റോൺ, ഡോൺ എന്നിവരാണ് മക്കൾ. ഒരിക്കൽ ഉപയോഗിച്ചവരെല്ലാം പിന്നീട് തേടിവരുന്നത് സംരംഭം തുടരാൻ വലിയ പ്രോത്സാഹനമാകുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ‘സ്മിതാസ് ഫുഡ് പ്രൊഡക്ട്സ്' കടൽ കടക്കുന്നതാണ് സ്വപ്നമെന്ന് സ്മിത പറഞ്ഞു. ചെങ്ങളായി കൃഷിഭവനിലെ കൃഷി ഓഫീസർ ജിനുവിന്റെ മാർഗനിർദേശവും ലഭിക്കുന്നുണ്ട്.










0 comments