കനലാടിയ ജീവിതത്തിന് പുരസ്കാരത്തിളക്കം

അതിയടം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന് 2013 ൽ കുഞ്ഞിരാമപെരുവണ്ണാൻ കെട്ടിയ മുച്ചിലോട്ട് ഭഗവതി

സ്വന്തം ലേഖകൻ
Published on Aug 05, 2025, 12:25 AM | 1 min read
പഴയങ്ങാടി
തെയ്യവുമായി ബന്ധപ്പെട്ട എല്ലാം മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ് സാംസ്കാരിക വകുപ്പിന്റെ 2023ലെ പി കെ കാളൻ പുരസ്കാരം നേടിയ തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാൻ. സ്വരമാധുരിയോടെ ഈണത്തിലുള്ള തോറ്റം ചൊല്ലൽ, മുഖത്തെഴുത്ത്, അണിയല നിർമാണം, തിരുമുടികൾ, മുൻസ്ഥാനം, പുതിയ തെയ്യംകാരെ വാർത്തെടുക്കൽ ഇങ്ങനെ നീളും ഇദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണങ്ങൾ. പുതിയതലമുറയിലെ തെയ്യക്കാരും വിവിധ ക്ഷേത്രആചാരക്കാരും ഇന്നും ആചാരാനുഷ്ഠാനങ്ങളറിയാൻ കുഞ്ഞിരാമപെരുവണ്ണാനെ തേടിയെത്തും. മലബാറിലെ തെയ്യക്കാർ ‘ഗുരുനാഥൻ’ എന്ന് വിളിക്കുന്ന ഇദ്ദേഹം, മുച്ചിലോട്ട് ഭഗവതി, പാലോട്ട് ദൈവം, മാക്കപോതി, കതിവന്നൂർ വീരൻ, കണ്ണങ്ങാട്ടു ഭഗവതി, പുതിയഭഗവതി തുടങ്ങി നിരവധി തെയ്യക്കോലങ്ങൾ അനുഷ്ടാനത്തിൽ അധിഷ്ഠിതമായി കെട്ടിയാടി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തെയ്യക്കാരനായിരുന്ന അപ്പപെരുവണ്ണാന്റെയും ചീയ്യയിയുടെയും മകനായി 1950 ജൂലൈ 17നായിരുന്നു കുഞ്ഞിരാമപെരുവണ്ണാന്റെ ജനനം. നാലാം വയസിൽ വേടൻ തെയ്യം കെട്ടിയാടി അരങ്ങേറ്റം. അച്ഛന്റെ ശിക്ഷണത്തിൽ തെയ്യങ്ങളുടെ തോറ്റങ്ങളും മറ്റും അനുഷ്ഠാനങ്ങളും മനഃപ്പാഠമാക്കി. പതിനഞ്ചാം വയസിൽ മുഖ്യ തെയ്യക്കോലങ്ങൾ അണിഞ്ഞുതുടങ്ങി. 24-–ാം വയസ്സിൽ അതിയടം പാലോട്ട് കാവിൽനിന്ന് പെരുവണ്ണാൻ സ്ഥാനികനായി ആചാരപ്പെട്ടു. അതിയടം മുച്ചിലോട്ടുകാവിൽ മൂന്നുതവണ പെരുങ്കളിയാട്ടതിനു (12 വർഷത്തിൽ ഒരിക്കൽ) മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടിയേറ്റി. 2009 ൽ ഫോക്ലോർ അക്കാദമി പുരസ്കാരം തേടിയെത്തി. വിഷ്ണു നമ്പൂതിരി പുരസ്കാരവും ലഭിച്ചു. ഇദ്ദേഹം അതിയടം മുച്ചിലോട്ടുകാവിൽ കെട്ടിയാടിയ മുച്ചിലോട്ടു ഭഗവതിയെ ആണ് "കനലാടി" എന്ന തെയ്യ കനലാടിമാരെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ പ്രതിപാദിച്ചിരിക്കുന്നത്. അർഹിക്കുന്ന പുരസ്കാരം തേടിയെത്തിയ സന്തോഷത്തിലാണ് ബന്ധുക്കളും തെയ്യം കലാകാരന്മാരും.










0 comments