ക്യാന്പ് ഓഫീസ് ഉദ്‌ഘാടനം ഇന്ന്
ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക് വരുന്നു സൂ സഫാരി പാർക്ക്


സ്വന്തം ലേഖകൻ
Published on Mar 08, 2026, 02:30 AM | 2 min read
തളിപ്പറന്പ്
വിനോദ സഞ്ചാരഭൂപടത്തിൽ ലോകത്തിന് വിസ്‌മയമാകുന്ന നാടുകാണി സൂ– സഫാരി പാർക്കിന്റെ നിർമാണത്തിന്റെ ഭാഗമായുള്ള ക്യാന്പ് ഓഫീസ് കിൻഫ്ര ഓഡിറ്റോറിയത്തിൽ ഞായറാഴ്‌ച പകൽ 11ന് എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ക്യാന്പ് ഓഫീസിനും ചുറ്റുമതിൽ കെട്ടാനും ഇക്കഴിഞ്ഞ ബജറ്റിൽ നാലുകോടി രൂപ അനുവദിച്ചിരുന്നു. തളിപ്പറമ്പ്– കൂർഗ് സംസ്ഥാന പാതയോടുചേർന്ന് പ്ലാന്റേഷൻ കോർപറേഷൻ സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറിയ 252. 8 ഏക്കർ ഭൂമിയിലാണ് പാർക്ക് വരുന്നത്. പദ്ധതി സ്ഥലത്ത് ചുറ്റുമതിലും ഉടൻ കെട്ടിത്തുടങ്ങും. കഴിഞ്ഞ ബജറ്റിൽ എം വി ഗോവിന്ദൻ എംഎൽഎ മുഖേന പദ്ധതിക്കായി വിശദമായ ഡിപിആർ തയ്യാറാക്കാൻ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജയിംസ് വർഗീസിന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്‌ധ സമിതിയാണ് പദ്ധതിരേഖ തയ്യാറാക്കുന്നത്. പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണൻ, മൃഗശാലവകുപ്പ് ഡയറക്ടർ മഞ്ജുളാദേവി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. സൂ സഫാരി പാർക്കിലേക്ക് മൃഗങ്ങളെയും വിചിത്ര ജീവികളെയും മറ്റ് മൃഗശാലകളിൽനിന്നോ, കൈമാറ്റ സംവിധാനത്തിലൂടെ രാജ്യത്തെ ഇതര മൃഗശാലകളിൽനിന്നോ ആകും എത്തിക്കുക. സ്വാഭാവിക വനാന്തരീക്ഷത്തിൽ വിഹരിക്കാനാകുന്ന രീതിയിൽ തുറന്ന കൂടുകളാണ് മൃഗങ്ങൾക്കായി ഒരുക്കുക. ഭൂപ്രകൃതിയിൽ മാറ്റംവരുത്താതെ സ്വാഭാവിക വനവൽക്കരണത്തിലൂടെയാണ് രൂപകൽപ്പന. സഞ്ചാരികൾക്ക് കവചിത വാഹനങ്ങളിലെത്തി മൃഗങ്ങളെ തൊട്ടടുത്ത് കാണാനാകും.അനുബന്ധമായി ബോട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, പ്രകൃതിദത്ത ചരിത്ര മ്യൂസിയം, ചിത്രമെഴുത്ത് തുടങ്ങിയവയുമുണ്ടാകും. 400 കോടിരൂപയുടെ നിർദിഷ്ട സൂ–സഫാരി പാർക്ക് പദ്ധതി യാഥാർഥ്യമാകുന്നതോടെ വിനോദസഞ്ചാരമേഖലയിലെന്നപോലെ അടിസ്ഥാന സൗകര്യമേഖലയിലും തൊഴിൽ മേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാകും. കരിന്പം ഫാം ടൂറിസം ഉദ്‌ഘാടനവും ഞായർ രാവിലെ 10ന് എംഎൽഎ നിർവഹിക്കും. ഒരുകോടി രൂപ ചെലവഴിച്ചാണ് കരിമ്പത്തെ ജില്ലാ കൃഷി തോട്ടത്തിൽ എം വി ഗോവിന്ദൻ എംഎൽഎ ഫാം ടൂറിസം പദ്ധതി നടപ്പാക്കിയത്.
‘‘പറശ്ശിനിക്കടവ് തീർഥാടന ടൂറിസം, വെള്ളിക്കീൽ ഇക്കോ പാര്‍ക്ക്, തെയ്യം മ്യൂസിയം, ഹാപ്പിനസ് പാര്‍ക്കുകള്‍ തുടങ്ങി വിനോദ സഞ്ചാര മേഖലയ്‌ക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളാണ് അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ നടപ്പാക്കിയത്. ഇതിലെ സുപ്രധാന നേട്ടങ്ങളാണ് പണി പൂർത്തിയായ ഫാം ടൂറിസവും നിർമാണ പ്രവൃത്തി ആരംഭിക്കുന്ന സൂ സഫാരി പാർക്കും. സംസ്ഥാനത്ത് തിരുവനന്തപുരത്തും തൃശൂരിലും മൃഗശാലയുണ്ടെങ്കിലും മൃഗശാലയില്ലാത്ത കണ്ണൂരിലാണ് പ്രഥമ സൂ സഫാരി പാർക്ക് പണിയുന്നത്. കേരളത്തിലെ അഭിമാന പദ്ധതിയായി ഇത് മാറും.
–എം വി ഗോവിന്ദൻ എംഎൽഎ










0 comments