ഇൗര് ചീർപ്പിന്റെ പെരുന്തച്ചൻ

കണ്ണൻ ചീർപ്പ് നിർമാണത്തിൽ
കെ വി ശ്രുതി
Published on Jun 30, 2026, 02:00 AM | 1 min read
കണ്ണൂർ
കാലവും തലമുറകളും മാറിയാലും തലയിലെ പേനിനും ഇൗര് ചീർപ്പിനും മാറ്റങ്ങളൊന്നുമില്ല. ആധുനികതയുടെ കടന്നുകയറ്റത്തിനിടയിലും കണ്ണൂർ പഴയ സ്‌റ്റാൻഡ് പരിസരത്തെ പ്രസ്‌ക്ലബ് റോഡിലെ ഷെഡ്ഡിലിരുന്ന് ഇൗര് ചീർപ്പിന്റെ മരപ്പല്ലുകൾ ചെത്തിമിനുക്കിയെടുക്കുകയാണ് കന്യാകുമാരിക്കാരനായ കണ്ണൻ. മുപ്പത് വർഷമായി തുടരുന്ന ജീവിതചര്യയാണിത്. ഒപ്പമുണ്ടായിരുന്നവർ ഓരോരുത്തരായി ഇൗ തൊഴിൽ ഉപേക്ഷിച്ചപ്പോഴും മഴുവും കൈവാളും ചുറ്റികയുമായി കണ്ണൻ ജോലി തുടരുന്നു. തലമുടികൾക്കിടയിലെ പല്ലുകൾ കടത്തി ചീകുന്പോൾ പേനിന്റെ ഇൗരുകൾ കൂട്ടത്തോടെ വിട്ടുപോരും. ചീപ്പിന്റെ പല്ലുകൾ അമർത്തിയാണ് ഇൗരുകളെ നശിപ്പിക്കുക. കുറുമാത്തൂരിൽനിന്ന് കവുങ്ങിൻതടി എത്തിച്ചാണ് ചീർപ്പ് നിർമാണം. ഒരു തടിക്ക് അഞ്ഞൂറുരൂപയാണ്. ഇത് ഒത്ത അളവിൽ ഇൗർന്ന് മൂപ്പേറിയ ഭാഗം മാത്രമാണ് നിർമാണത്തിന് ഉപയോഗിക്കുക. പത്ത് ഇഞ്ച് നീളത്തിലും ഒരിഞ്ച് വീതിയിലും തടി ചെത്തിയെടുക്കണം. ഒരു ചീർപ്പ് നിർമിക്കാൻ പതിനഞ്ചുമിനിട്ടെങ്കിലും വേണം. അളവുകൾ തെറ്റിയാൽ ചീർപ്പ് ഉപയോഗശൂന്യമാകും. ദിവസം ഇരുപതോളം ചീർപ്പുകൾ ഉണ്ടാക്കും. നേരത്തെ പോത്തിന്റെ കൊന്പിലായിരുന്നു നിർമാണം. ഇൗടും ഉറപ്പുമായിരുന്നു ഇവയുടെ പ്രത്യേകത. എന്നാൽ കൊന്പുകൾ കിട്ടാനുള്ള പ്രയാസവും ആവശ്യത്തിന് വീതി ലഭിക്കാത്തതും കാരണം കവുങ്ങിലായി നിർമാണം. ഇവയ്‌ക്കും ഗുണമേന്മയുണ്ടെന്ന് കണ്ണന്റെ ഉറപ്പ്. 90 രൂപയാണ് ഇപ്പോൾ ഒരു ചീർപ്പിന്റെ വില. കണ്ണൻ പണി ആരംഭിക്കുന്ന കാലത്ത് 10 രൂപ. പണ്ടുകാലത്ത് വീടുകൾ തോറും ഇൗര് ചീർപ്പുകൾ നിർബന്ധമായി സൂക്ഷിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ആറ് ബന്ധുക്കളും കോവിഡ് കാലത്ത് പണി കുറഞ്ഞതോടെ മടങ്ങിപ്പോയി. മാർക്കറ്റ് റോഡിലുള്ള വാടകമുറിയിലാണ് താമസം. കുടുംബം നാട്ടിലാണ്. ഭാര്യ സെൽവി തയ്യൽജോലിക്കാരിയാണ്. ദേവിപ്രിയ, നിഖിലേഷ്‌കുമാർ എന്നിവർ മക്കൾ. മൂന്നും നാലും മാസങ്ങൾ കൂടുന്പോഴാണ് നാട്ടിലേക്ക് പോകുക. വിൽപ്പന കുറഞ്ഞുവെന്ന സങ്കടമാണ് ഇൗ അന്പത്തിയെട്ടുകാരന്. ദിവസേന പത്തും പതിനഞ്ചുമൊക്കെ ചിലവാകുമെങ്കിലും ചില ദിവസം ഒന്നുപോലും വിൽക്കാറില്ലെന്ന് കണ്ണൻ പറയുന്നു.











0 comments