മാഹി തിരുനാളിന് കൊടിയിറങ്ങി

മയ്യഴി
മാഹി സെന്റ് തെരേസാ ബസിലിക്കയിലെ അമ്മ ത്രേസ്യയുടെ 18 ദിവസം നീണ്ട തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. മതത്തിനും ജാതിക്കുമപ്പുറം ഒരു നാടൊന്നാകെ സാക്ഷ്യം വഹിച്ച തിരുനാളിൽ പങ്കെടുക്കാൻ ദൂരദേശങ്ങളിൽനിന്നുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് മയ്യഴിയിലേക്ക് ഒഴുകിയെത്തിയത്. അഞ്ചിന് ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെയാണ് തിരുനാളിന് തുടക്കമായത്. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കൽ, തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി, കോഴിക്കോട് അതിരൂപത വികാരി ജനറൽ ഡോ. ജൻസൻ പുത്തൻവീട്ടിൽ തുടങ്ങിയവർ പ്രധാന ദിനങ്ങളിൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തിരുസ്വരൂപവുമേന്തി നടന്ന നഗരപ്രദക്ഷിണത്തിലും ശയനപ്രദക്ഷിണത്തിലും വൻ ജനപങ്കാളിത്തമുണ്ടായി. സമാപന ദിനമായ വ്യാഴാഴ്ച രാവിലെ ഫാ. ഷിജോയ് ഫ്രാൻസിസ് മാച്ചിവീട്ടിൽ ദിവ്യബലി അർപ്പിച്ചു. പകൽ മൂന്നിന് ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ച തിരുസ്വരൂപം ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റി. സമാപനത്തോടനുബന്ധിച്ച് പ്രദക്ഷിണവും നടന്നു.









0 comments