Deshabhimani

തിരിച്ചുവരുന്നു, 
കോട്ടായി

കോട്ടായി ഗവ.എച്ച്‌എസ്‌എസ്‌ ടീം
വെബ് ഡെസ്ക്

Published on Oct 23, 2026, 02:00 AM | 2 min read

ജിജോ ജോർജ്

പാലക്കാട്‌

മികച്ച കായിക വിദ്യാലയങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലേക്ക്‌ കടന്നുവരികയാണ്‌ കോട്ടായി ഗവ. എച്ച്‌എസ്‌എസ്‌. അത്‌ലറ്റിക്‌സിലും നെറ്റ്‌ബോളിലും സോഫ്‌റ്റ്‌ബോളിലും ബേസ്‌ബോളിലും ജില്ലയിലെ മികച്ച ടീമുകളിലൊന്നായി കോട്ടായി സർക്കാർ സ്‌കൂൾ മാറിക്കഴിഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട്‌ അത്‌ലറ്റിക്‌സിൽ നാല്‌ താരങ്ങൾ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. മറ്റ്‌ ഇനങ്ങളിലും സംസ്ഥാന– ദേശീയ താരങ്ങൾ വളർന്നുവരുന്നു. സ്‌പോർട്‌സിന്‌ എക്കാലത്തും വേരോട്ടമുള്ള മണ്ണാണ്‌ കോട്ടായി. പതിറ്റാണ്ടുകൾക്ക്‌ മുന്പ്‌ തന്നെ കന്നുതെളി(കാളപൂട്ട്‌, മരമടി) മത്സരത്തിന്‌ പേരുകേട്ട നാട്‌. കന്നുതെളി മാത്രമല്ല, മറ്റ്‌ കായിക ഇനങ്ങളും ഇവിടെ സജീവമായിരുന്നു. കോട്ടായി ഗവ. എച്ച്‌എസ്‌എസ്‌ ആയിരുന്നു ഏക്കാലത്തും നാടിന്റെ കളിത്തൊട്ടിൽ. കളിക്കളത്തിലുണ്ടായ മാറ്റങ്ങൾക്ക്‌ അനുസരിച്ച്‌ ആധുനിക സംവിധാനങ്ങളും സ‍ൗകര്യങ്ങളും ഇല്ലാതെ വന്നതോടെ കോട്ടായി സ്‌കൂളും പിന്നിലേക്ക്‌ പോയി. 2016ൽ കേരളത്തിൽ അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ, പ്രത്യേകിച്ച്‌ അന്ന്‌ സ്ഥലം എംഎൽഎയായിരുന്ന മന്ത്രി എ കെ ബാലൻ മുൻകൈയെടുത്ത്‌ സ്‌ക‍ൂളിന്റെ കായിക വികസനത്തിനായി ഏഴര കോടി രൂപ അനുവദിച്ചു. 200 മീറ്റർ സിന്തറ്റിക്‌ ട്രാക്ക്‌, ഗ്യാലറി കെട്ടിടം, സെവൻസ്‌ നാച്ചുറൽ ഫുട്‌ബോൾ ടർഫ്‌, സിന്തറ്റിക്‌ ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്‌, സിന്തറ്റിക്‌ വോളിബോൾ കോർട്ട്‌, സിന്തറ്റിക്‌ ബാഡ്‌മിന്റൺ കോർട്ട്‌ തുടങ്ങിയ സ‍ൗകര്യങ്ങളെല്ലാം സ്‌കൂളിലൊരുക്കി. 2021 ഫെബ്രുവരിൽ അന്നത്തെ കായികമന്ത്രി ഇ പി ജയരാജൻ മൈതാനം കായികതാരങ്ങൾക്ക്‌ തുറന്നുകൊടുത്തു. സ‍ൗകര്യങ്ങൾ വന്നതോടെ കോട്ടായി ഉണർന്നു. അധികം വൈകാതെ ജില്ലയിലെ പ്രധാന കായിക ശക്തിയായി സ്‌കൂൾ മാറി. മൂന്നു വർഷമായി കുഴൽമന്ദം ഉപജില്ല കായികമേളയിൽ ജേതാക്കളാണ്‌. ജില്ലാ– സംസ്ഥാന സ്‌കൂൾ കായികമേളയിലും മികച്ച പ്രകടനം നടത്തുന്നു. കായികാധ്യാപകനായ എം രമേഷിന്റെ കീഴിലാണ്‌ കുട്ടികളുടെ നേട്ടങ്ങളെല്ലാം. കാർഷിക– ഗ്രാമീണ ഗ്രാമമായ കോട്ടായി കായികമേഖലയിലും പുതിയ അടയാളപ്പെടുത്തൽ നടത്തുകയാണ്‌.


പ്രദേശത്തെ കുട്ടികൾ മാത്രമാണ്‌ പരിശീലനം നടത്തുന്നത്‌. സമീപത്തെ എൽപി, യുപി കുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്‌. സ്‌കൂളിലെ അധ്യാപകരുടെയും പിടിഎയുടെയും പി പി സുമോദ്‌ എംഎൽഎയുടെയും മറ്റു ജനപ്രതിനിധികളുടെയും പിന്തുണയാണ്‌ ഇ‍ൗ നേട്ടങ്ങൾക്ക്‌ പിന്നിൽ. ജിംനേഷ്യവും ജന്പിങ്‌ ബെഡും അടക്കമുള്ള സ‍ൗകര്യങ്ങൾ വരുന്നതോടെ കൂടുതൽ നേട്ടം കൈവരിക്കാനാകും’’. ​എം രമേഷ്‌ 
(കായികാധ്യാപകൻ)



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home