പ്രതിസന്ധിയിലായി കെഎസ്ഇബി കരാർ തൊഴിലാളികൾ
പണി തീർത്തു, പണമില്ല

പാലക്കാട്
പണി പൂർത്തിയായിട്ടും കരാറുകാർക്ക് പണം നൽകാതെ കെഎസ്‌ഇബി. മാസങ്ങൾക്കുമുമ്പ് പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ല് പാസാകാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കരാറുകാർ. ട്രാൻസ്-ഫോർമറുകൾ സ്ഥാപിക്കുക, ഒടിഞ്ഞ വൈദ്യുതിത്തൂണുകൾ മാറ്റി പുതിയവ സ്ഥാപിക്കുക, കേബിൾ വലിക്കുക, വൈദ്യുതി ലൈനിലേക്ക് നീളുന്ന മരച്ചില്ലകൾ വെട്ടിമാറ്റുക, പുതിയ കണക്‌ഷൻ നൽകുക തുടങ്ങിയവ ചെയ്‌ത കരാറുകാർക്കാണ് പണം നൽകാതെ തടഞ്ഞുവച്ചിരിക്കുന്നത്. പുറത്തുനിന്ന് വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതിനാലാണ് കരാറുകാർക്ക് തുക നൽകാൻ കഴിയാത്തതെന്നാണ് കെഎസ്‌ഇബി അധികൃതരുടെ വിശദീകരണം. പ്രവൃത്തി പൂർത്തിയായാൽ സെക്‌ഷൻ ഓഫീസുകളിലാണ് ബില്ലുകൾ നൽകുക. വിവിധ ഓഫീസുകളിലെ നടപടി ക്രമങ്ങളിലൂടെ 33 ദിവസത്തെ ഓഡിറ്റ് പൂർത്തിയാക്കി 60 ദിവസത്തിനുള്ളിൽ ഫണ്ട് അനുവദിക്കണമെന്നാണ് വ്യവസ്ഥ. കെഎസ്‌ഇബിയുടെ തിരുവനന്തപുരത്തെ കോർപറേറ്റ് ഓഫീസാണ് തുക അനുവദിക്കേണ്ടത്. എന്നാൽ ആഗസ്‌ത് 17ന് ഓഡിറ്റ് പൂർത്തിയായ പ്രവൃത്തികളുടെ ഫണ്ട് മാത്രമാണ് ഇപ്പോൾ വിതരണം ചെയ്‌തിട്ടുള്ളത്. സമീപകാലങ്ങളിലൊന്നും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് 30 വർഷമായി ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. സംസ്ഥാനത്താകെ 1200 കരാറുകാരാണ് കെഎസ്‌ഇബിക്കുകീഴിൽ പ്രവർത്തിക്കുന്നത്. ഒരാൾക്കുകീഴിൽ കുറഞ്ഞത് പത്ത് തൊഴിലാളികൾ ഉണ്ടാകും. പ്രതിസന്ധി ആയിരക്കണക്കിന് തൊഴിലാളികളെയും പട്ടിണിയിലാക്കും.







0 comments