താഴത്തങ്ങാടി വള്ളംകളി നാളെ
മാറ്റുരയ്ക്കാൻ 9 ജലരാജാക്കന്മാർ

ആവേശത്തുഴയെറിഞ്ഞ്... താഴത്തങ്ങാടി വള്ളംകളിക്ക് മുന്നോടിയായി മീനച്ചിലാറ്റിൽ നാട്ടകം ബോട്ട് ക്ലബ് കരുവാറ്റ ശ്രീവിനായകൻ ചുണ്ടനിൽ പരിശീലന തുഴച്ചിൽ നടത്തുന്നു. ഫോട്ടോ: കെ എസ് ആനന്ദ്
കോട്ടയം താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ശനിയാഴ്ച നടക്കുന്ന 125–ാമത് താഴത്തങ്ങാടി മത്സര വള്ളംകളിയിൽ ഒന്പത് ജലരാജാക്കന്മാർ അണിനിരക്കും. ഈ സീസണിലെ ഏഴാമത് മത്സരമാണ് താഴത്തങ്ങാടിയിൽ അരങ്ങേറുക. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപ്പാടം ചുണ്ടൻ, കൊല്ലം ആരോമ ബോട്ട് ക്ലബ്ബിന്റെ ആരോമ ചുണ്ടൻ, യുബിസി എഫ് സി കൈനകരിയുടെ വീയപുരം, പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര ചുണ്ടൻ, കെടിബിസി കുമരകം തുഴയുന്ന നിരണം പുണ്യവാളൻ, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ തലവടി തുടങ്ങി പ്രമുഖ ചുണ്ടൻ വള്ളങ്ങൾ മത്സരത്തിനണിനിരക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെയും കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ, കോട്ടയം നഗരസഭയുടെയും തിരുവാർപ്പ് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. • ചെറുവള്ളങ്ങൾ (ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ് ): മൂന്ന് തൈയ്ക്കൻ, പി ജി കർണൻ തുരുത്തിത്തറ. • ഇരുട്ടുകുത്തി രണ്ടാം ഗ്രേഡ്: സെന്റ് ജോസഫ്, ശരവണൻ, കുന്നത്തുപറമ്പൻ, പുത്തൻപറമ്പിൽ. • വെപ്പ് രണ്ടാം ഗ്രേഡ്: പി ജി കരീപ്പുഴ, പുന്നത്ര പുരയ്‌ക്കൻ, മാളിയേക്കൻ, ചാമ്പ്യൻ, •ചുരുളൻ: മൂഴി ചുണ്ടൻ വള്ളങ്ങളുടെ ട്രയലും കലാവിരുന്നും താഴത്തങ്ങാടി മത്സര വള്ളംകളിയിൽ മികച്ച പ്രകടനത്തിനായി ചുണ്ടൻ വള്ളങ്ങൾ തീവ്ര ശ്രമത്തിൽ. പ്രമുഖ ചുണ്ടനുകൾ പലതും താഴത്തങ്ങാടി ആറ്റിൽ പരിശീലന തുഴച്ചിൽ ആരംഭിച്ചു. ട്രയലിനെ തുടർന്ന് വെള്ളി വൈകിട്ട് ഏഴിന് കലാവിരുന്ന് റേസ് കോഴ്സിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടക്കും.









0 comments