ട്രെയിൻ അട്ടിമറി ശ്രമത്തിനുപിന്നിൽ ജോലികിട്ടാത്തതിലുള്ള വിഷമം


സ്വന്തം ലേഖകൻ
Published on Oct 23, 2026, 02:00 AM | 1 min read
ഷൊർണൂർ
‘രണ്ടുദിവസമായി ഷൊർണൂർ, ഒറ്റപ്പാലം പ്രദേശങ്ങളിൽ ജോലി അന്വേഷിച്ചു. ജോലികിട്ടിയില്ല. മനോവിഷമത്തിൽ റെയിൽവേ ട്രാക്കിൽ ഭാരവസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചു’– ബിഹാർ കതിഹാർ മണിഹാരി സ്വദേശി ഷുക് ലാൽ മറിയ(24) ചോദ്യ ചെയ്യലിൽ റെയിൽവേ സംരക്ഷണ സേനയ്‌ക്ക് നൽകിയ മറുപടി ഇതാണ്. റെയിൽവേ പാളത്തിൽ കോൺക്രീറ്റ് കട്ടവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചകേസിൽ കഴിഞ്ഞ ദിവസമാണ് ഇയാളെ റെയിൽവേ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന് രണ്ടുദിവസംമുമ്പാണ് ഇയാൾ ഷൊർണൂരിൽ എത്തിയത്. ഇവിടെയും ഒറ്റപ്പാലത്തും ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് റെയിൽപ്പാളത്തിലൂടെ നടന്നു. ഈ സമയം മദ്യപിച്ചിരുന്നു. നടക്കുന്നതിനിടെ ആദ്യം കിട്ടിയ കോൺക്രീറ്റ് സ്ലാബ് പാളത്തിൽവച്ചു. പിന്നീട് റെയിലിന്റെ കഷ്ണവും ചാക്കിൽ കട്ടപിടിച്ച നിലയിലുള്ള സിമന്റ് എന്നിവയും കിട്ടി. മാന്നനൂർ, കാരക്കാട് -കാബിൻ പരിസരം എന്നിവിടങ്ങളിലുൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ ഇവവച്ചു. ചൊവ്വ രാവിലെ മാന്നനൂരിന് സമീപമുള്ള ട്രാക്കിലാണ് റെയിൽവേ സിഗ്നൽ ജീവനക്കാർ ആദ്യം കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയത്. പിന്നീട് ഷൊർണൂരിന് സമീപം ട്രാക്കിൽ ചാക്കും റെയിലിന്റെ കഷ്ണവും മാന്നനൂരിനും ഷൊർണൂരിനും ഇടയിലെ ഡൗൺ ലൈനിൽ കട്ടപിടിച്ച സിമന്റ് നിറച്ച ചാക്കും കണ്ടെത്തി. ഇതോടെ റെയിൽവേ സുരക്ഷാ വിഭാഗം പരിശോധന നടത്തി. റെയിൽവേ എൻജിനിയറിങ് വിഭാഗം ട്രാക്ക് പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രാക്കിലൂടെ ഒരാൾ നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയാണ് ബിഹാർ സ്വദേശിയിലേക്ക് അന്വേഷണം എത്തിയത്.







0 comments