അപകടഭീഷണിയിൽ വടക്കഞ്ചേരി മേൽപ്പാലം
കോൺക്രീറ്റുകൾ തകർന്നു, കമ്പികൾ പുറത്ത്

വടക്കഞ്ചേരി
വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാലത്തിലെ ദുരവസ്ഥ തുടരുന്നു. പാലത്തിന്റെ കോൺക്രീറ്റുകൾ അടർന്നുവീണു. പാലക്കാട് ദിശയിലേക്കുള്ള പാലം തുടങ്ങുന്ന ഭാഗത്താണ് പാലത്തിന്റെ ജോയിന്റുകൾ തകർന്ന് കോൺക്രീറ്റുകൾ അടർന്നുവീണത്. കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. ഇതേ ഭാഗത്തുതന്നെ പാലത്തിന്റെ മുകൾഭാഗത്തും ജോയിന്റുകൾ താഴ്ന്ന് ഇരുമ്പു റാഡുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന സ്ഥിതിയിലാണുള്ളത്. വ്യാഴം രാവിലെ പാലത്തിന്റെ തകർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. തൃശൂർ ദിശയിലേക്കുള്ള പാലം കഴിഞ്ഞ അഞ്ച് മാസത്തോളമായി കുത്തിപ്പൊളിച്ച് പണിയുന്നതിനായി അടച്ചിട്ടതിനെ തുടർന്ന് പാലക്കാട് ഭാഗത്തേക്കുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം ക്രമീകരിച്ചിരിക്കുകയായിരുന്നു. പാലത്തിന്റെ തകർച്ചയെ തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെ നിലവിൽ റോയൽ ജങ്‌ഷനിൽനിന്ന് സർവീസ് റോഡ് വഴിയാണ് കടത്തിവിടുന്നത്. നാലുമാസം കുത്തിപ്പൊളിച്ച് പണിത പാലത്തിലാണ് ഇപ്പോൾ തകർച്ച ഉണ്ടായിരിക്കുന്നത്. സാധാരണ പാലത്തിന്റെ മുകൾഭാഗത്തെ ജോയിന്റുകൾ തകരുന്നത് പതിവാണെങ്കിലും അടിഭാഗത്തുണ്ടാകുന്ന തകർച്ച ഇതാദ്യമായാണ്. മുകൾ ഭാഗത്തും അടിഭാഗത്തും ഒരേ പോലെ തകർച്ച നേരിടുമ്പോൾ പാലത്തിന്റെ സുരക്ഷതന്നെ അപകടത്തിലാണ്. തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ നിലവിൽ 18 സ്ഥലത്താണ് കുത്തിപ്പൊളിച്ച് പണിയുന്നത്. 2022 ഫെബ്രുവരി ആറിന് വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതിനുശേഷം നിലവിൽ 116 തവണ കുത്തിപ്പൊളിച്ച് പണിതിട്ടുണ്ട്.
സുരക്ഷാ പരിശോധന നടത്തണം: കെ രാധാകൃഷ്ണൻ എംപി
മേൽപ്പാലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന തകരാറുകളും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് സാങ്കേതിക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എംപി കേന്ദ്ര ഗതാഗത മന്ത്രിക്കും ദേശീയപാത അതോറിറ്റി ചെയർമാനും കത്തയച്ചു. നാല് വർഷങ്ങൾക്കുമുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുത്ത ഈ മേൽപ്പാലത്തിൽ ഇതിനോടകം നൂറിലധികംതവണ റോഡ് ടാറിങ്ങും കോൺക്രീറ്റ് ഭാഗങ്ങളും തകർന്ന് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വന്നിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബുകളിൽ വലിയ രീതിയിൽ പൊട്ടലുകൾ രൂപപ്പെടുകയും ഇരുമ്പ് കമ്പികൾ പൂർണമായി പുറത്തുകാണുന്ന അവസ്ഥയിലാണ്. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിൽ കടുത്ത പ്രകമ്പനങ്ങളും കുലുക്കങ്ങളും അനുഭവപ്പെടുന്നുണ്ടെന്നും ഇത് യാത്രക്കാർക്കിടയിൽ വലിയ ഭീതി പരത്തുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. ഐഐടി മദ്രാസ് അല്ലെങ്കിൽ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സാങ്കേതിക അന്വേഷണവും സുരക്ഷാ ഓഡിറ്റും നടത്തുക, കരാർ കമ്പനിയുടെ വീഴ്ചകളെക്കുറിച്ചും സമഗ്രമായ ഗുണനിലവാര പരിശോധന നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക, യാത്രക്കാരുടെ ജീവന് ഭീഷണിയാകാത്ത രീതിയിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും ബലപ്പെടുത്തലുകളും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ എംപി കത്തിലൂടെ ഉന്നയിച്ചു. ഈ വിഷയത്തിൽ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് എംപി ആവശ്യപ്പെട്ടു.







0 comments