അന്പന്പോ... 3600 ബിരിയാണിച്ചിരികൾ

മയ്യിൽ
കടുപ്പമുള്ള പരീക്ഷാക്കാലമാണ് വരാനിരിക്കുന്നത്. പരീക്ഷയും അസൈന്മെന്റുമൊക്കെയായി കുഴയുന്ന നാളുകൾ. പരീക്ഷാകഴിഞ്ഞാൽ എസ്‌എസ്‌എൽസിക്കാരും പ്ലസ്‌ടുക്കാരുമൊക്കെ യാത്രപറഞ്ഞുപോവും. അതിന് മുന്പൊരു കലക്കൻ കോഴി ബിരിയാണിയാണിയായാലോ? അതുപൊളിക്കുമെന്ന് കുട്ടികളും അധ്യാപകരും. ക്ലാസിനിടെ അടുക്കളയിൽ നിന്ന് ബിരിയാണി മണം സ്‌കൂളിലാകെ പടർന്നു. ഉച്ചബെല്ലോടൈ മൈക്കിലൂടെ അറിയിപ്പെത്തി. ബിരിയാണി റെഡി. പിന്നെയങ്ങോട്ട് വിളന്പലും കഴിക്കലുമായി സ്‌കൂളൊരു കല്യാണപ്പുര പോലായി. സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ബിരിയാണിയും ഉൾപ്പെടുത്തണമെന്ന് സർക്കാർ നിർദേശത്തിന്റെ പശ്‌ചാത്തലത്തിലാണ് മയ്യിൽ ഐഎംഎൻഎസ് ജിഎച്ച്‌എസ്‌എസിൽ 3,300 കുട്ടികൾക്ക് ബിരിയാണി വിളന്പിയത്. ഉച്ചഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെയുള്ളവർക്ക് മാത്രമാണെങ്കിലും ബിരിയാണി മുഴുവൻ കുട്ടികൾക്കും വിളന്പി. അധ്യാപകരും കുട്ടികളും ഉൾപ്പടെ 3600 പേരാണ് സ്‌കൂളിൽ ഒരുമിച്ചിരുന്ന് ഉണ്ടത്. സ്‌കൂൾ ഓഡിറ്റോറിയമാണ് താൽക്കാലികമായി ഭക്ഷണശാലയായി മാറിയത്. സ്‌കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും സന്തോഷത്തിൽ പങ്കുചേർന്നു. മുതിർന്ന കുട്ടികളുടെ സന്തോഷം വേറിട്ടതായിരുന്നു. കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും ഒപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിന്റെ ആഹ്ലാദം.









0 comments