അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം: സിപിഐ എം

കണ്ണൂർ ജില്ലയിലെ ചില മുതിർന്ന നേതാക്കളുടെ ചിത്രം ഉപയോഗിച്ച് ഫ്ലെക്സും മറ്റും തയ്യാറാക്കി പ്രചരിപ്പിച്ച് പാർടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിനുപിന്നാലെ, പാർടിയെ അപകീർത്തിപ്പെടുത്താനിറങ്ങിയ എതിരാളികളുടെ കൈയിലെ ആയുധമാകരുത്. പരാജയം പഠിച്ച് തിരുത്തി ഊർജസ്വലമായി തിരിച്ചുവരാൻ പാർടിക്ക് വ്യവസ്ഥാപിത രീതിയുണ്ട്. എല്ലാ പാർടി അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള വിശദ ചർച്ചയും തീരുമാനങ്ങളും ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചിട്ടുമുണ്ട്. മുതിർന്ന നേതാക്കളുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രചാരണം നടത്തുന്നവർ എതിരാളികൾക്ക് വളംവച്ചുകൊടുക്കുകയാണ്. ഇത്തരം നടപടികളെ പാർടി പൂർണമായും തള്ളുകയാണ്. തെരഞ്ഞെടുപ്പ് പരാജയം ആദ്യത്തേതല്ല. ഇതിനേക്കാളും വലിയ ദുർഘട ഘട്ടങ്ങൾ തരണംചെയ്ത് പാർടി പൂർവാധികം ശക്തിയോടെ മുന്നേറിയിട്ടുണ്ട്. അതിനുള്ള ചർച്ചകൾ ആരംഭിക്കുന്ന ഘട്ടത്തിലുള്ള അമിതാവേശം പാർടിക്ക് ഗുണംചെയ്യില്ല. പാർടിയെ സ്നേഹിക്കുന്നവർ ഇത്തരം പ്രചാരണങ്ങളിൽനിന്ന് പിന്തിരിയണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.










0 comments