രോഗികൾക്ക് കൃത്യസമയത്ത് മരുന്ന് നൽകും
അനുവിന്ദിന്റെ ‘മെഡിബോട്ട്'

മട്ടന്നൂർ
ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കേരളത്തിന്റെ അഭിമാനമായി കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അനുവിന്ദ് കെ രാജ്. അനുവിന്ദ് വികസിപ്പിച്ച ‘മെഡിബോട്ട്' എന്ന പ്രോജക്ട് വ്യക്തിഗത വിഭാഗത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ കണ്ടുപിടുത്തമായി അംഗീകരിക്കപ്പെട്ടു. പ്രായമായവർക്കും ഒറ്റയ്ക്ക് താമസിക്കുന്ന രോഗികൾക്കും കൃത്യസമയത്ത് മരുന്നുകൾ നൽകുന്നതിനായി വികസിപ്പിച്ചെടുത്ത റോബോട്ടിക് സംവിധാനമാണ് മെഡിബോട്ട്. കൃത്യ സമയത്ത് നിശ്ചിത അളവിലുള്ള മരുന്നുകൾ രോഗികൾക്ക് നൽകാൻ ഈ റോബോട്ടിക് സംവിധാനത്തിന് സാധിക്കും. മരുന്നുകൾ രോഗി സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താനും ലോകത്ത് എവിടെനിന്നും മരുന്നിന്റെ ഡോസുകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഡോക്ടർമാർക്കും രോഗിയെ പരിചരിക്കുന്നവർക്കും സാധിക്കും. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ കൂടുതലുള്ള ഇടങ്ങളിൽ മെഡിബോട്ടിന്റെ പ്രസക്തി വളരെ വലുതാണ്. കൂടാളി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥികളായ കെ കെ വിനീത്, എൻ കെ സന്ദേശ് എന്നിവരുടെ മെന്റർഷിപ്പിലാണ് അനുവിന്ദ് മെഡിബോട്ട് വികസിപ്പിച്ചത്. റിട്ട. അധ്യാപകൻ കെ രാജന്റെയും അധ്യാപിക കെ നീതയുടെയും മകനാണ് അനുവിന്ദ്.









0 comments