സംസ്ഥാന സ്‌കൂൾ കായികമേള ജില്ലയെ തഴഞ്ഞ സർക്കാർ നടപടി പ്രതിഷേധാർഹം

കണ്ണൂർ സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ആതിഥേയരായി പ്രഖ്യാപിച്ച കണ്ണൂർ ജില്ലയെ തഴഞ്ഞ് ഏകപക്ഷീയമായി വേദി കോഴിക്കോട്ടേക്ക് മാറ്റിയ സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ കായികമേള സമാപനവേദിയിലാണ് ഇൗ വർഷം കണ്ണൂരാകും വേദിയെന്ന് പ്രഖ്യാപിച്ചത്. അന്നത്തെ മന്ത്രി ശിവൻകുട്ടിയിൽനിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിയും വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും കായികമേളയുടെ പതാകയും ഏറ്റുവാങ്ങി. ഇതിനായുള്ള വിപുലമായ തയ്യാറെടുപ്പും ആരംഭിച്ചു. എന്നാൽ, ഭരണമാറ്റത്തിന്റെ മറവിൽ ജില്ലാ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി മേളയുടെ വേദി മാറ്റിയാണ് അധികൃതർ കണ്ണൂരിനെ അപമാനിച്ചത്. കണ്ണൂരിൽ നടത്തിയാൽ, എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് ഭാരവാഹികളെയും എൽഡിഎഫ് എംഎൽഎമാരെയും സംഘാകസമിതിയിലും മറ്റും ഉൾപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇൗ നെറികെട്ട രാഷ്ട്രീയ നീക്കം. 2019ലാണ് ജില്ലയിൽ അവസാനമായി സ്‌കൂൾ കായികമേള നടന്നത്. സംഘാടനത്തിൽ ഏറ്റവും മികച്ച മേളയെന്ന ഖ്യാതി നേടിയ ജില്ലയെ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്നും ജില്ലാ സെക്രട്ടറി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments