ഗ്യാനേഷ് കുമാറിന് എതിരായ സംയുക്തപ്രക്ഷോഭം; ഇന്ത്യാ കൂട്ടായ്‌മ യോഗം ഇന്ന്

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്‌പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് രാജ്യവ്യാപകമായി സംയുക്തപ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷകക്ഷികൾ. സംയുക്ത പ്രക്ഷോഭം സംബന്ധിച്ച ഭാവി പരിപാടികൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പാർലമെന്റിലെ ഇരുസഭകളിലും പുതിയ നോട്ടീസ് നൽകുന്നതിനുള്ള നടപടികൾ ഉൾപ്പടെയുള്ള നിർണായക വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ഇന്ത്യാകൂട്ടായ്‌മ ബുധനാഴ്‌ച്ച കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബ്ബിൽ യോഗം ചേരും.
ബിജെപിക്കും കേന്ദ്രസർക്കാരിനും വേണ്ടിയുള്ള ഗ്യാനേഷ് കുമാറിന്റെ അധികാദുർവിനിയോഗങ്ങൾ, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ വിയോജിപ്പുകൾ പുറത്തുവന്നതിന് ശേഷമുള്ള സാഹചര്യങ്ങൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പാർലമെന്റിൽ പുതിയ നോട്ടീസ് അവതരിപ്പിക്കൽ, ഭാവി നിയമ നടപടികൾ– തുടങ്ങിയ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് ജനറൽസെക്രട്ടറി എം എ ബേബി, രാജ്യസഭാ കക്ഷി നേതാവ് ജോൺബ്രിട്ടാസ് എംപി എന്നിവർ പങ്കെടുക്കും. ഇന്ത്യാകൂട്ടായ്‌മയ്‌ക്കും അപ്പുറത്തേക്ക് പ്രതിഷേധത്തിന്റെ ശക്തിയും വ്യാപ്‌തിയും വർധിപ്പിക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ജനാധിപത്യവിശ്വാസികളും ഭരണഘടനാസംരക്ഷകരുമായ എല്ലാ കക്ഷികളെയും സംഘടനകളെയും ഉൾപ്പെടുത്തിയുള്ള വിശാലമായ പ്രക്ഷോഭമെന്ന ആശയമാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. ഇൗ ലക്ഷ്യത്തോടെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രതിപക്ഷ നിരയിലെ പ്രമുഖകക്ഷികളുടെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.
ബുധനാഴ്‌ച്ചത്തെ ഇന്ത്യാകൂട്ടായ്‌മ യോഗത്തിലും സിപിഐ എം ഇൗ നിലപാട് ഉയർത്തിപ്പിടിക്കും. യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും ഗ്യാനേഷ് കുമാറിന് എതിരായ സംയുക്ത നീക്കങ്ങൾക്ക് ഡിഎംകെയും എഎപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ കോൺഗ്രസ്–ടിവികെ മുന്നണി നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ പങ്കെടുക്കാനാകില്ലെന്നാണ് ഡിഎംകെ നിലപാട്. സംസ്ഥാനത്ത് ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും ഡിഎംകെ ചൂണ്ടിക്കാണിച്ചു. കോൺഗ്രസിനോടുള്ള വലിയ എതിർപ്പാണ് എഎപിയും ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ പങ്കെടുക്കാനുള്ള തടസ്സമായി ഉന്നയിച്ചിട്ടുള്ളത്.








0 comments