Deshabhimani

വംശീയാധിക്ഷേപവും ജാതി വിവേചനവും: ഉന്നതവിദ്യാഭ്യാസ രംഗത്ത് പത്തിലൊരാൾക്ക് ആത്മഹത്യാ ചിന്ത; എൻടിഎഫ് സർവേ

students
വെബ് ഡെസ്ക്

Published on Sep 30, 2026, 07:30 AM | 2 min read

ന്യൂ‍ഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് മാനസികാരോഗ്യ പ്രതിസന്ധിയെന്ന് കണ്ടെത്തൽ. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ പത്തിലൊരാൾക്ക് (9%) കഴിഞ്ഞ ഒരു വർഷത്തിനിടെ ആത്മഹത്യാ ചിന്തകൾ ഉണ്ടായിട്ടുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച ദേശീയ ടാസ്ക് ഫോഴ്സിന്റെ സർവേ റിപ്പോർട്ട്.


9% വിദ്യാർഥികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ പലപ്പോഴും ആത്മഹത്യാ ചിന്തകൾ അനുഭവിച്ചതായി വ്യക്തമാക്കി. 15% പേർ കഴിഞ്ഞ ആറുമാസത്തിനിടെ കടുത്ത നിരാശ, മാനസികാവസ്ഥയിലുള്ള തകർച്ച, അല്ലെങ്കിൽ തുടർച്ചയായ ഉത്കണ്ഠ എന്നിവ നേരിട്ടു. രാജ്യത്തെ 2.43 ലക്ഷത്തിലധികം വിദ്യാർഥികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം തയ്യാറാക്കിയത്.


സർവേയിൽ പങ്കെടുത്ത വിദ്യാർഥികളിൽ 67 ശതമാനവും പട്ടികജാതി, പട്ടികവർ​ഗം , മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. സർവേയിൽ വിവിധ മേഖലകളിലെ വിദ്യാർഥികൾ തങ്ങൾ നേരിടുന്ന കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ച് സംസാരിച്ചു. NEET-UG, JEE റാങ്കുകളിലൂടെ ക്യാമ്പസുകളിൽ ജാതി തിരിച്ചറിയപ്പെടുന്നതും, പ്രവേശനത്തിലും ഗ്രേഡിംഗിലും ഭാഷാപരമായ തടസ്സങ്ങളിലും നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും അതിക്രമങ്ങളും വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.


സർവേയിൽ പങ്കെടുത്ത 34% വിദ്യാർഥികളും ക്യാമ്പസുകളിൽ തങ്ങൾ അന്യരാക്കപ്പെട്ടതായി അല്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ടതായി അനുഭവപ്പെടുന്നുവെന്ന് വെളിപ്പെടുത്തി. കടുത്ത ക്ലാസ്, ക്ലിനിക്കൽ ജോലിഭാരം, നിർദിഷ്ട സമയപരിധിക്ക് അപ്പുറമുള്ള ഓൺ-കോൾ ഡ്യൂട്ടികൾ എന്നിവ മാനസിക പിരിമുറുക്കം കൂട്ടുന്നു. ഗൈഡുമാരിൽ നിന്നുള്ള അനാസ്ഥ, അമിതമായ നിയന്ത്രണം, ചൂഷണം എന്നിവ ഗവേഷണ വിദ്യാർഥികൾ നേരിടുന്നു. പ്രായോഗിക പരിശീലനത്തിന്റെ കുറവ് തൊഴിൽ രംഗത്തേക്ക് ഇറങ്ങുമ്പോൾ ആത്മവിശ്വാസക്കുറവിന് കാരണമാകുന്നു.


32% സ്ഥാപനങ്ങളിലും കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമല്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. 56% പേർ മാത്രമാണ് ഗൗരവമേറിയ വിഷയങ്ങളിൽ മാനേജ്‌മെന്റ് ന്യായമായ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നത്. 'റിലേറ്റീവ് ഗ്രേഡിംഗ്' സമ്പ്രദായം മൂലമുള്ള കടുത്ത മത്സരവും പ്ലേസ്‌മെന്റ് മാനദണ്ഡങ്ങളുമാണ് പ്രധാന വില്ലൻമാരെന്നാണ് കണ്ടെത്തൽ.


ഡൽഹി, തമിഴ്‌നാട്, കർണാടക, അസം, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 19 സ്ഥാപനങ്ങളിൽ സമിതി സന്ദർശനം നടത്തുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ വിവരങ്ങൾ പ്രാഥമികം മാത്രമാണെന്നും, പൂർണമായ വിശകലനത്തിന് ശേഷമുള്ള അന്തിമ റിപ്പോർട്ട് ഒക്ടോബർ 31നകം സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും ടാസ്ക് ഫോഴ്സ് വ്യക്തമാക്കി.


ഐഐടി ഡൽഹി, ഐഐടി ബോംബെ എന്നിവിടങ്ങളിലുണ്ടായ വിദ്യാർഥികളുടെ ആത്മഹത്യകളെ തുടർന്ന് ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം മാർച്ച് മാസം സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചത്. ഡോ. അലോക് സരിൻ, മേരി ഇ. ജോൺ, അർമാൻ അലി, രാജേന്ദർ കച്ച്രു, സീമ മെഹ്രോത്ര തുടങ്ങിയ വിദഗ്ധരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home