കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കറെ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂഡൽഹി: കശ്മീരിലെ ബഡ്ഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ ഫൗസി മൂസയാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ബഡ്ഗാം ജില്ലയിലാണ് സംഭവം. പ്രദേശം വളഞ്ഞുള്ള തെരച്ചിൽ തുടരുന്നതിനിടെ, ദൂധ്പത്രിയിലെ വനമേഖലയിൽ വെച്ചാണ് മൂസ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ ചേർന്നാണ് 'ഓപ്പറേഷൻ കോറാഗ്' എന്ന പേരിൽ തെരച്ചിൽ നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഡ്ഗാം ജില്ലയിലെ യൂസ്മാർഗ് മേഖലയിൽ സംയുക്ത സേന തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് സംശയാസ്പദമായ സാഹചര്യം കണ്ട സുരക്ഷാ സേന ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
തുടർന്നുണ്ടായ കനത്ത ഏറ്റുമുട്ടലിലാണ് ഫൗസി മൂസ കൊല്ലപ്പെട്ടത്. സെപ്റ്റംബർ 5-ന് യൂസ്മാർഗ് മലനിരകളിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ നിന്നും ഇയാൾ രക്ഷപ്പെട്ടിരുന്നു. ആ സംഭവത്തിൽ ഫൗസി മൂസയുടെ അടുത്ത സഹായിയായ യാസിർ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്മീരിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി പീർ പഞ്ജാൽ മലനിരകളുടെ ഇരുവശങ്ങളിലുമായി നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായ മൂസയ്ക്കായി സുരക്ഷാസേന തിരച്ചിൽ നടത്തിവരികയായിരുന്നു.








0 comments