പാപ്പിനിശേരിയിൽ പണി പുരോഗമിക്കുന്നു
താവം മേൽപ്പാലം 20നകം തുറക്കും

ചെറുകുന്ന്
താവം, പാപ്പിനിശേരി മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണി എംഎൽഎമാരായ കെ വി സുമേഷിന്റെയും എം വിജിന്റെയും നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. താവം മേൽപ്പാലം 20നകം തുറന്നുനൽകുമെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു. പാലങ്ങളിലെ തുരുമ്പിച്ച കമ്പികൾ മാറ്റി മൈക്രോ കോൺക്രീറ്റിങ്ങ് നടത്തി. താവത്തെ ടാറിങ് പ്രവൃത്തി ഉടൻ പൂർത്തിയാക്കും. ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉപരിതലം പൊളിച്ചുതുടങ്ങിയത്. ഓരോ പാളി പൊളിക്കുമ്പോഴും അകത്തെ കമ്പികൾ പൂർണമായും നശിച്ച രീതിയിലായിരുന്നു. മിക്കയിടത്തും കമ്പി തുരുമ്പിക്കുകയും കോൺക്രീറ്റുകൾ ഇളകിമാറുകയും ചെയ്തിരുന്നു. ഇതൊക്കെ മാറ്റിയാണ് അറ്റകുറ്റപ്പണി നടത്തിയത്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പാപ്പിനിശേരി മേൽപ്പാലം പ്രവൃത്തിയും പുരോഗമിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പാലം പണിയാൻ കരാർ നൽകിയത്. 2013 ഏപ്രിൽ 22നാണ് പണി തുടങ്ങിയത്. പാലാരിവട്ടം പാലം പണിത ആര്‍ഡിഎസ് പ്രൊജക്ട്സ് ലിമിറ്റഡ് കമ്പനിയാണ് പാപ്പിനിശേരി, താവം മേൽപ്പാലങ്ങളുടെയും കരാറുകാർ. മേൽപ്പാലത്തിൽ നിരന്തരം വലിയ കുഴികൾ രൂപപ്പെട്ടതോടെ യാത്ര ദുഷ്കരമായി. ഗതികേടിലായ യാത്രക്കാർക്ക് സുഗമ യാത്രയൊരുക്കാൻ എംഎൽഎമാരായ എം വിജിനും കെ വി സുമേഷും ഇടപെട്ടതോടെയാണ് പാലത്തിൽ സമഗ്ര അറ്റകുറ്റപ്പണിക്ക് വഴിയൊരുങ്ങിയത്. പൊതുമരാമത്ത് മന്ത്രിയുമായി എംഎൽഎയുടെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടത്തുകയും ഉന്നത ഉദ്യോഗസ്ഥ സംഘത്തെ വിദഗ്‌ധപരിശോധനക്ക് അയക്കുകയും ചെയ്താണ് അറ്റകുറ്റപ്പണിക്ക് പദ്ധതി തയ്യാറാക്കിയത്. ഒരു മാസത്തിനകം പണി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ, പാലത്തിൽ ഗുരുതര തകരാറുകൾ കണ്ടെത്തിയതോടെയാണ് അറ്റകുറ്റപ്പണി പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാക്കാനാകാതിരുന്നത്. ഒമ്പത് സ്പാനുകളുള്ള പാലത്തിന്റെ മിക്കതിന്റെയും അകത്തെ കമ്പികൾ തുരുമ്പെടുത്തതിനാൽ ഇവ പൂർണമായും നീക്കിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പുതിയ കമ്പികൾക്ക് തുരുമ്പ് വരാതിരിക്കാൻ പ്രതലം പൂർണമായും ശുചിയാക്കിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. നശിച്ച കോൺക്രീറ്റ് ഭാഗങ്ങൾ പൂർണമായി പൊളിച്ചുമാറ്റി മൈക്രോ കോൺക്രീറ്റും അതിന് മുകളിൽ ടാറിങ്ങും നടത്തി പാലം ബലപ്പെടുത്തും. പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചേ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കാനാകൂവെന്നാണ് പാലം പരിശോധിച്ച വിദഗ്‌ധ സംഘത്തിന്റെ മുന്നറിയിപ്പ്. ആദ്യം കണക്കാക്കിയതിലും ഇരട്ടിയിലധികം കേടുപാടുകളാണ് പാപ്പിനിശേരി മേൽപ്പാലത്തിലെ പരിശോധനയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതിനാൽ കൂടുതൽ സൂക്ഷ്മമായ അറ്റകുറ്റപ്പണി ആവശ്യമാണെന്നും ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ പറഞ്ഞു. നിലവിൽ പാലത്തിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ടാറിങ് പാളി ജെസിബി ഉപയോഗിച്ച് പൂർണമായും ഇളക്കിമാറ്റിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലത്തിന്റെ കേടുപാടുകൾ ഗൗരവമായതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് കാലതാമസം വരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ കെ വി സുമേഷ് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ പി കെ മിനി, എക്സിക്യൂട്ടീവ് എൻജിനിയർ കെ എം ഹരീഷ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി സുജിത്ത് കുമാർ, അസി. എൻജിനീയർ കെ ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് ഇരുപാലങ്ങളും പരിശോധിച്ചത്.










0 comments