ഐടി, സയൻസ് ഹബ്ബാകാൻ വേങ്ങാട്

ടി കെ അനൂപ്
Published on Feb 14, 2026, 02:30 AM | 2 min read
പിണറായി
ജില്ലയിൽ പുതിയ ഐടി പാർക്കും സയൻസ് പാർക്കും വരുന്നു. വേങ്ങാട് പഞ്ചായത്തിലെ ചെറിയ വളപ്പിലാണ് ഐടി പാർക്കും സയൻസ് പാർക്കും വരുന്നത്. പദ്ധതിയുടെ കല്ലിടൽ 17ന് പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചെറിയ വളപ്പിലെ അമ്പത് ഏക്കർ ഭൂമിയിൽ 25 ഏക്കറിൽ സയൻസ് പാർക്കും 25 ഏക്കറിൽ ഐ ടി പാർക്കുമാണ് നിർമിക്കുക. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) ആണ് നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 600 കോടി രൂപയുടേതാണ് പദ്ധതി. ഒരുക്കുക ജീവശാസ്ത്ര ഗവേഷണ ഹബ് വടക്കേ മലബാറിന്റെ ശാസ്ത്ര-– വ്യവസായ വികസനത്തിന് പുതിയ ചുവടുവയ്‌പാകും കണ്ണൂർ സയൻസ് പാർക്ക്. ജീവശാസ്ത്ര മേഖലയിലെ നൂതന ഗവേഷണ-വികസന സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനായാണ് രൂപകൽപ്പന. ജൈവ സാങ്കേതികവിദ്യയെ (ബയോടെക്‌നോളജി) അധിഷ്ഠിതമാക്കിയുള്ള തീമിലൊരുക്കുന്ന പാർക്കിലൂടെ കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം, ഭക്ഷ്യ സംസ്കരണം, കാർഷിക മേഖല ഉൾപ്പെടെയുള്ള ജീവശാസ്ത്ര അധിഷ്ഠിത ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം. സുസജ്ജമായ ഗവേഷണ ലബോറട്ടറികൾ, വൻകിട ബയോഫാർമ കമ്പനികളുടെ ലബോറട്ടറികൾക്കുള്ള സൗകര്യം, ശാസ്ത്ര വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും താമസിക്കാനുള്ള സൗകര്യങ്ങൾ എന്നിവയുമുണ്ടാകും. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും പദ്ധതി സഹായകരമാകും. ആധുനിക ജീവശാസ്ത്ര മേഖലയെ അടിസ്ഥാനമാക്കിയുള്ള വ്യവസായ സംരംഭങ്ങൾ കേരളമാകെ രൂപപ്പെടുന്നതിന് സയൻസ് പാർക്ക് പിന്തുണ നൽകും. 25 ഏക്കറിൽ ആധുനിക ഐ ടി പാർക്ക് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ആധുനിക ഐ ടി കെട്ടിടം, വിനോദ സൗകര്യങ്ങൾ, 450-ലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം എന്നിവയാണ് ഐ ടി പാർക്കിലെ പ്രധാന ഘടകങ്ങൾ. രണ്ടര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേസമയം നാലായിരത്തോളം പേർക്ക് ജോലി ചെയ്യാവുന്ന ഒന്പത് നിലകളിലാണ് ഐ ടി ടവർ നിർമിക്കുക. ഗ്രൗണ്ട് ഫ്ലോറിൽ വാണിജ്യ സ്ഥാപനങ്ങൾ, പാർക്ക് ഓഫീസ്, കോഫി ഷോപ്പ്, ബാങ്ക്, ഡേ കെയർ സെന്റർ, സൗകര്യപ്രദമായ സ്റ്റോർ, മൾട്ടിപർപ്പസ് ഹാൾ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. 50,000 ചതുരശ്ര അടി പ്ലഗ് ആന്റ് പ്ലേ മൊഡ്യൂളുകൾ, 10,000 ചതുരശ്ര അടി കോ-വർക്കിംഗ് സ്പേസ്, 150–250 സീറ്റിങ് ശേഷിയുള്ള ഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം, വിവിധ ശേഷിയിലുള്ള പൊതു മീറ്റിങ് ഹാളുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഐടി/ഐടിഇഎസ് യൂണിറ്റുകൾക്ക് സ്വന്തം സൗകര്യങ്ങൾ നിർമിക്കുന്നതിനായി പ്ലോട്ടുകളായി ബാക്കി ഭൂമി വികസിപ്പിക്കും.










0 comments