ad
Deshabhimani

പെൺകരുത്ത് നയിക്കും

പേരാവൂർ ജയിക്കും

പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശെെലജ ടീച്ചറെ മുണ്ടയാംപറമ്പിൽ നൽകിയ സ്വീകരണത്തിൽ 
റോസാപ്പൂക്കൾ നൽകി ആലിംഗനം ചെയ്യുന്നു                                                                                 ഫോട്ടോ: പി ദിലീപ്കുമാർ
avatar
ജസ്‌ന ജയരാജ്‌

Published on Apr 02, 2026, 02:30 AM | 2 min read

പേരാവൂർ

"നമ്മളെ ടീച്ചറ് ജയിക്കും. ഒരു സംശയവുമില്ല, ടീച്ചർ ജയിച്ചാൽ അത് പേരാവൂർ ജനതയുടെ വിജയമാണ്. വികസന വഴിയിൽ കഴിഞ്ഞ 15 വർഷമായി തോറ്റുപോയ പേരാവൂർ ഒരേ സ്വരത്തിൽ പറയുന്നതിതാണ്. പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ വിജയത്തിനായി നാടൊന്നാകെ ഇറങ്ങുന്ന ആവേശക്കാഴ്ചയാണ് സ്വീകരണ കേന്ദ്രങ്ങളിലെല്ലാം. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണത്തിൽ അഞ്ച് വർഷം ആരോഗ്യ മന്ത്രിയായും അഞ്ച് വർഷം എംഎൽഎയായും നാടിനെ നയിച്ച ടീച്ചറെ സ്‌നേഹത്താൽ വാരിപ്പുണർന്നാണ് സ്‌ത്രീകളും കുട്ടികളും സ്വീകരിച്ചത്. ​ കേരളത്തിന്റെ ആരോഗ്യമേഖല അപ്രതീക്ഷിത പ്രതിസന്ധികളിൽപെട്ട ഘട്ടങ്ങളിലെല്ലാം നേതൃപാടവം കൊണ്ട് മറികടന്ന് ജനമനസിലിടം നേടിയ ടീച്ചറെ കാണാൻ മലയോര ജനത ഒഴുകിയെത്തുകയായിരുന്നു. ഇടതുപക്ഷത്തിന്റെ വനിതാ നേതാക്കളെ നീചമായി അധിക്ഷേപിക്കുന്ന യുഡിഎഫ് രാഷ്ട്രീയത്തിന് മലയാളി പെൺകരുത്തിനെ പ്രതിനിധിയാക്കി മറുപടി നൽകുമെന്ന വികാരമാണ് പേരാവൂരിൽ അലയടിക്കുന്നത്. കഴിഞ്ഞ 15 വർഷക്കാലത്തെ വികസന മുരടിപ്പാണ് പേരാവൂരിലെ പ്രധാനചർച്ചാ വിഷയം. യുഡിഎഫ് എംഎൽഎയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് കാണിച്ച അവഗണനകളെ അക്കമിട്ടു നിരത്തിയാണ് സ്വീകരണകേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കൾ പ്രസംഗിച്ചത്. ​പിന്നാലെയെത്തിയ സ്ഥാനാർഥി കെ കെ ശൈലജ സംസാരിച്ചതും വികസനത്തെക്കുറിച്ചാണ്. കേരളത്തിന്റെ വികസനവും ക്ഷേമവുമാണ് എൽഡിഎഫിന്റെ ലക്ഷ്യം. മണ്ഡലത്തിന് ആവശ്യമുള്ള ശരിയായ പദ്ധതികൾ സമർപ്പിക്കാൻ ജനപ്രതിനിധിക്ക് കഴിയണം. അല്ലാത്തവർ ജനങ്ങളോടുള്ള ഉത്തരവാദിത്വം മനപൂർവം മറക്കുകയാണ്. താൻ പേരാവൂർ എംഎൽഎ ആയിരുന്ന കാലത്ത് യാഥാർഥ്യമാക്കിയ പദ്ധതികൾക്ക് തുടർച്ചനൽകാൻ കോൺഗ്രസ് എംഎൽഎ തയ്യാറായില്ലെന്നും ടീച്ചർ പറഞ്ഞു. വിജയിച്ചാൽ പേരാവൂർ താലൂക്ക് ആശുപത്രി പൂർത്തിയാക്കി ജനങ്ങൾക്ക്‌ സമ്മാനമായി നൽകുമെന്നും പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ സ്ഥാപനങ്ങളിലാണ് വോട്ടഭ്യർഥിച്ചത്. പകൽ മൂന്നോടെ കിളിയന്തറയിലാണ് പൊതുപര്യടനം ആരംഭിച്ചത്. നരിമട, ചരൾ, തുടിമരം തുടങ്ങിയയിടങ്ങളിലെല്ലാം വൻ വരവേൽപ്പാണ് ഒരുക്കിയത്. സെന്റ്‌ ജൂഡിലും മുണ്ടയാംപറമ്പിലും ആനപ്പന്തിയിലുമെല്ലാം വൻ ജനാവലിയാണ് ടീച്ചറെ കാത്തിരുന്നത്. ​ ഓരോ കേന്ദ്രത്തിലും ആ നാടിന്റെ വികസന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ടീച്ചറുടെ പ്രസംഗം വൻ കരഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. മാറ്റം കൊതിക്കുന്ന പേരാവൂരിനെ മുന്നോട്ട് നയിക്കാൻ ടീച്ചർ ജയിക്കണമെന്ന മുദ്രാവാക്യമാണ് എല്ലായിടത്തുമുയർന്നത്. ഉരുപ്പുംകുറ്റി, മാഞ്ചോട്, വെളിമാനം, വീർപ്പാട് സ്വീകരണത്തിനൊടുവിൽ അമ്പലക്കണ്ടിയിലായിരുന്നു സമാപനം. എൻ എം രമേശൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നല്ലൂർ, വി ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം അജയൻ പായം, ജയ്സൺ ജീരകശേരി, വിപിൻ തോമസ്, എം എ ആന്റണി, ഡൊമിനിക്ക് മടുക്കക്കുഴി, എൻ അശോകൻ, ഒ എ അബ്രഹാം, കെ കെ സനീഷ്, കെ ബി ഉത്തമൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home