കൃഷിപാഠങ്ങളുമറിയാം
രാപ്പാർക്കാം കരിന്പം ഫാമിൽ

കരിന്പം ഫാം റസ്‌റ്റ് ഹൗസ്
തളിപ്പറന്പ്
ചരിത്രശേഷിപ്പുകൾ കണ്ടറിഞ്ഞ് പച്ചപ്പിന്റെ കുളിർമയിൽ എല്ലാംമറന്ന് ആസ്വദിക്കാനൊരിടമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാം ടൂറിസം കേന്ദ്രമായ കരിന്പം ജില്ലാകൃഷിത്തോട്ടത്തിൽ ഒരുങ്ങിയത്. ബ്രിട്ടീഷ് ഇന്ത്യയിൽ സ്ഥാപിതമായ കരിമ്പം ഫാമിലെ ബാർബർ ബംഗ്ലാവാണ് നവീകരിച്ച് അതിഥി മന്ദിരമാക്കിയത്. ആദ്യ പ്രധാനമന്ത്രി നെഹ്റു, ഇന്ദിരാഗാന്ധി, കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് എന്നിവർ 1958ൽ കൃഷിത്തോട്ടം സന്ദർശിച്ചപ്പോൾ താമസിച്ചത് ഇൗ ബംഗ്ലാവിലാണ്. 120 വർഷം പഴക്കമുള്ള ബംഗ്ലാവിലെ സന്ദർശന ബുക്കിൽ പതിഞ്ഞ കൈപ്പട മായാത്ത ചരിത്രരേഖയാണ്. മുൻ രാഷ്ട്രപതി വി വി ഗിരി ഉൾപ്പെടെയുള്ള പ്രമുഖർ നട്ടുപിടിപ്പിച്ച മരങ്ങൾ ഫാമിലുണ്ട്. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ബ്രീട്ടിഷ് സർക്കാർ നിയമിച്ച ക്ഷാമാന്വേഷണ കമീഷൻ ശുപാർശയിൽ സസ്യശാസ്ത്രജ്ഞൻ ഡോ. ബാർബർ കുരുമുളക് ഗവേഷണത്തിന് 1905ൽ സ്ഥാപിച്ചതാണ് കൃഷിത്തോട്ടം. കണ്ണൂരിലും പാപ്പിനിശേരിയിലും ട്രെയിനിറങ്ങി കുതിരവണ്ടികളിലാണ് സായിപ്പുമാരെത്തിയിരുന്നത്. കുതിരപ്പന്തിയും വിഭവങ്ങൾ ഒരുക്കിയിരുന്ന കുശിനിപ്പുരയും നിലനിർത്തിയിട്ടുണ്ട്. 1990വരെ സന്ദർശകരുണ്ടായിരുന്നെങ്കിലും കെയർടേക്കർ വിരമിച്ചതോടെ ബംഗ്ലാവ് അനാഥമായി. മൂന്നുപതിറ്റാണ്ടോളം അടച്ചിട്ടശേഷമാണ് ജില്ലാപഞ്ചായത്ത് പഴമ ചോരാതെ നവീകരിച്ചത്. മുറ്റത്ത് ഇന്റർലോക്ക് പാകി പൂന്തോട്ടവും കുതിരലായവും ആകർഷകമാക്കി. തേക്കിൻ തടിയിൽ നിർമിച്ച ചുവരുകൾ തനിമ ചോരാതെ പുതുക്കി. മരപ്പലകകൾ പാകി മനോഹരമാക്കി. ആധുനികസൗകര്യങ്ങളുള്ള രണ്ട് കിടപ്പുമുറികളുണ്ട്. ഡബിൾ റൂമിൽ അഞ്ചുപേർക്കും സിംഗിൾ റൂമിൽ നാലുപേർക്കും താമസിക്കാം. ഡബിൾ റൂമിന് 1500 രൂപയും സിംഗിളിന് ആയിരവുമാണ് ദിവസവാടക. 56.35 ഹെക്ടർ വിസ്‌തൃതിയുള്ള ഫാമിൽ കൃഷിയെ അറിയാനും പഠിക്കാനും സൗകര്യമുണ്ട്. എം വി ഗോവിന്ദൻ എംഎൽഎയുടെ ഫണ്ട് ഉൾപ്പെടെ ഒന്പതുകോടി രൂപ ചെലവിലാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി ഓപ്പൺ എയർ ഓഡിറ്റോറിയവും നടപ്പാതകളും ഒരുക്കിയത്. ഫാം 1996ലാണ് ജില്ലാ പഞ്ചായത്തിന് കൈമാറിയത്. റസ്‌റ്റ് ഹൗസിൽ എത്തുന്നവർക്ക് ഫാം നഴ്‌സറി, ടിഷ്യുകൾച്ചർ ലാബ്, ഐടികെ സെന്റർ, മണ്ണ് പരിശോധനാ കേന്ദ്രം, മാംഗോ മ്യൂസിയം, കൃഷി എന്നിവ കാണാം. ബുക്കിങ്ങിന്: karimbamfarm.in ഫോൺ: 9383472944.
വിദ്യാർഥികൾക്കും ഗവേഷകർക്കും കുടുംബങ്ങൾക്കും പ്രകൃതിയുമായി ചേരാനുള്ള കേന്ദ്രമാണ് കരിന്പം റസ്‌റ്റ് ഹൗസ്. ഫാം ടൂറിസവും നഴ്‌സറിയുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയാൻ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ഭക്ഷണവും ലഭിക്കും.
ബിനോയ് കുര്യൻ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
ജൈവ വൈവിധ്യം ആസ്വദിച്ചുകൊണ്ടുള്ള താമസം നല്ല അനുഭവമാണ്. ഒരുമാസത്തിനിടെ 25 കുടുംബങ്ങൾ ഇവിടെയെത്തി.
കെ പി രസ്‌ന സുപ്രണ്ട്, ജില്ലാ കൃഷിത്തോട്ടം










0 comments