ad
Deshabhimani

ഉത്രാടപ്പാച്ചിൽ കഴിഞ്ഞു; ഇന്ന്‌ പൊന്നോണം

കാഞ്ഞങ്ങാട് നഗരത്തിൽ തിരുവോണത്തലേന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്
വെബ് ഡെസ്ക്

Published on Aug 26, 2026, 03:00 AM | 1 min read

കാസർകോട് തിരുവോണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു ഉത്രാട ദിനമായ ചൊവ്വാഴ്‌ച നാട്‌. ഏതാനും ദിവസമായുള്ള മഴ ചൊവ്വാഴ്‌ചയും തുടർന്നു. ജില്ലയിൽ ഓറഞ്ച്‌ അലർട്ടായിരുന്നു ചൊവ്വാഴ്‌ച. രാവിലെ മിക്കയിടങ്ങളിലും മഴ ശക്തമായിരുന്നുവെങ്കിലും ഉച്ചയോടെ ശമനമുണ്ടായി. ഇതോടെ നാടും നഗരവും സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ വഴിയോരക്കച്ചവടക്കാരെയാണ്‌ മഴ കൂടുതൽ പ്രതിസന്ധിയിലാക്കിയത്‌. വഴിയോരത്തെ വസ്‌ത്ര കച്ചവടക്കാർക്കും പൂക്കച്ചവടക്കാർക്കും മഴ വില്ലനായി. കാഞ്ഞങ്ങാട്‌, കാസർകോട്‌, നീലേശ്വരം, ചെറുവത്തൂർ, ഉദുമ, പരപ്പ, വെള്ളരിക്കുണ്ട്‌ തുടങ്ങിയ നഗരങ്ങളിലെല്ലാം വൻ തിരക്കായിരുന്നു. ഓണക്കോടി വാങ്ങാനും ഓണസദ്യയ്‌ക്കുള്ള സാധനങ്ങൾ വാങ്ങാനും തിരുവോണത്തലേന്നും നാടും നഗരവും തിരക്കിലലിഞ്ഞു. ഉപ്പുതൊട്ട്‌ കർപ്പൂരംവരെ എല്ലാ സാധനങ്ങൾക്കും ഇത്തവണ തീ വിലയായിരുന്നു. അവശ്യ സാധനങ്ങളുടെ വില ഇ‍ൗ ഓണക്കാലത്ത്‌ കുതിച്ചുയർന്നു. കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടി തുകയാണ്‌ ഇത്തവണ പല സാധനങ്ങൾക്കും. പച്ചക്കറിക്കും അരിക്കും പഞ്ചസാരക്കും വെളിച്ചെണ്ണയ്‌ക്കുമെല്ലാം ദിനംപ്രതി വില കൂടിവന്നു. ഓണപ്പൂക്കളമൊരുക്കാനുള്ള പൂവിനും തീവിലയായിരുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഒരു നടപടിയും ഉണ്ടായില്ല. തിരുവോണ ദിനമായ ബുധനാഴ്‌ച ജില്ലയിൽ പ്രത്യേക മഴ മുന്നറിയിപ്പൊന്നും ഇല്ലാത്തതിനാൽ മഴ മാറിനിൽക്കുമെന്ന പ്രതീക്ഷയിലാണ്‌ ജനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home