നനഞ്ഞൊലിച്ച് ഉത്രാടപ്പാച്ചിൽ

കണ്ണൂർ വടക്കൻ കേരളത്തിലെ ഉത്രാടപ്പാച്ചിൽ മഴയിൽ കുതിർന്നു. മിക്കയിടത്തും ഉത്രാടദിനം പുലർന്നത് കനത്ത മഴയുടെ അകന്പടിയോടെയാണ്. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് ആരംഭിച്ച മഴ ഇടയ്‌ക്കെല്ലാം തോർന്നെങ്കിലും രാത്രി മിക്കപ്പോഴും തുള്ളിക്കൊരുകുടം പോലെ പെയ്‌തു. ചൊവ്വാഴ്‌ച ഉച്ചയോടെ മഴ നിന്നെങ്കിലും എപ്പോൾ വേണമെങ്കിലും പെയ്യാമെന്ന് തോന്നിപ്പിച്ച് മൂടിക്കെട്ടി നിന്നു. തെരുവുകച്ചവടക്കാരെയും പൂവിൽപനക്കാരെയും കുടുംബസമേതം നഗരങ്ങളിലേക്ക് എത്തിയവരെയും മഴ ഒരുപോലെ വിഷമിപ്പിച്ചു. മഴ അൽപം വിട്ടുനിന്നതോടെ കണ്ണൂർ നഗരത്തിൽ ഉച്ചതിരിഞ്ഞാണ് ജനത്തിരക്കേറിയത്. വൈകിട്ടോടെ തെരുവും തുണിക്കടകളും ഗൃഹോപകരണക്കടകളുമെല്ലാം ആൾത്തിരക്കിനാൽ ശ്വാസം മുട്ടി. ഇടക്കിടെ പെയ്‌ത മഴയെ കൂസാതെയാണ് വൈകിട്ട് നഗരത്തിൽ ജനം നിറഞ്ഞത്. സ്‌റ്റേഡിയം കോർണർ,പഴയബസ്‌സ്‌റ്റാൻഡ്, പുതിയ ബസ്‌സ്‌റ്റാൻഡ്, കെഎസ്‌ആർടിസി പരിസരം, പ്ലാസ, എസ്‌ബിഐ തുടങ്ങി ജനങ്ങൾ കൂട്ടമായി എത്തുന്ന സ്‌ഥലത്തെല്ലാം തെരുവുകച്ചവടക്കാർ നിറഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ വ്യാപാരികളായിരുന്നു കൂടുതലും. ടൗൺ സ്‌ക്വയറിലെ ഖാദി മേള, പൊലീസ് മൈതാനിയിലെ കൈത്തറി മേള, വ്യവസായ ഉൽപന്ന വിപണന മേള എന്നിവിടങ്ങളിലേക്ക് ജനം ഒഴുകിയെത്തി. പൊലീസ് മൈതാനിയിലെ ഓണം ട്രേഡ് ഫെയറിലും നല്ല തിരക്കായിരുന്നു. മിക്കമേളകളുടെയും അവസാന ദിനമായിരുന്നു ചൊവ്വാഴ്‌ച. നോക്കുന്നിടത്തെല്ലാം പൂക്കച്ചവടക്കാർ നിറഞ്ഞിരുന്നുവെങ്കിലും ഉയർന്ന വിലക്കായിരുന്നു സന്ധ്യവരെയും വിൽപന. ചെണ്ടുമല്ലിക്ക് കിലോവിന് 200 രൂപയ്‌ക്കായിരുന്നു മിക്കയിടത്തും വിൽപന. ജമന്തി, വാടാർമല്ലി, റോസ്, അരളി ഉൾപ്പെടെയുള്ള പൂക്കൾക്ക് കിലോവിന് നാനൂറ് രൂപവരെ ഇൗടാക്കി. മറുനാടൻ കച്ചവടക്കാർ മുഴമനുസരിച്ചാണ് വിലയിട്ടത്. നാട്ടുകാരെ അപേക്ഷിച്ച് മറുനാടൻ കച്ചവടക്കാരാണ് കുറഞ്ഞ നിരക്കിൽ പൂക്കൾ വിറ്റത്. സന്ധ്യയോടെ വിൽപനക്കാർ വില അൽപം കുറച്ചു. രാത്രിയോടെ വിലപേശലിന് അനുസരിച്ചായി വിൽപന. റെഡിമെയ്‌ഡ് വസ്‌ത്രങ്ങൾ, കുഞ്ഞുടുപ്പുകൾ, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, മൺപാത്രങ്ങൾ, കരകൗശല വസ്‌തുക്കൾ തുടങ്ങി സകലതും വിൽപനയ്‌ക്ക് എത്തി. നഗരത്തിൽ പാർക്കിങ്ങിനായി കൂടുതൽ കേന്ദ്രങ്ങളൊരുക്കിയും കൂടുതൽ പേരെ ഗതാഗതനിയന്ത്രണത്തിനായി നിയോഗിച്ചും ട്രാഫിക് പൊലീസ് ക്രമീകരണമൊരുക്കിയിരുന്നു. പഴയ ബസ്‌റ്റാൻഡ്, മുനിസിപ്പൽ സ്‌കൂൾ മൈതാനം, കെവിആർ പരിസരം തുടങ്ങിയ സ്ഥലങ്ങിലാണ് സൗജന്യ പാർക്കിങ് ഒരുക്കിയത്. അനിയന്ത്രിതമായ തിരക്കിൽ അനിഷ്‌ടസംഭവങ്ങൾ ഒഴിവാക്കാൻ ഷാഡോ പൊലീസും നഗരങ്ങളിൽ രംഗത്തിറങ്ങി. ഗതാഗതക്രമീകരണം കർക്കശമാക്കിയതിനാൽ പറയത്തക്ക വാഹനക്കുരുക്ക് കണ്ണൂർ നഗരത്തിൽ അനുഭവപ്പെട്ടില്ല.









0 comments