ad
Deshabhimani

രാജേഷേ... നിറയുന്നുണ്ട്‌ സ്‌നേഹം

‘രാജേഷ്‌’  സംസ്ഥാന കൂട്ടായ്‌മയിൽ പങ്കെടുത്തവർ

‘രാജേഷ്‌’ സംസ്ഥാന കൂട്ടായ്‌മയിൽ പങ്കെടുത്തവർ

avatar
രാജേഷ്​ ബക്കളം

Published on Feb 24, 2025, 03:00 AM | 1 min read

ധർമശാല

ഒരു ഹാൾ നിറയെ ഒരേ പേരുകാർ, ആരൊന്ന്‌ നീട്ടിവിളിച്ചാലും എല്ലാവരും വിളികേട്ട്‌ തിരിഞ്ഞുനോക്കും. ധർമശാലക്ക്‌ സമീപത്തെ മാങ്ങാട്‌ ഈസ്‌റ്റ്‌ എൽപി സ്‌കൂൾ ഹാളിലാണ്‌ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുമെത്തിയ രാജേഷ്‌ എന്ന പേരുള്ളവർ സംഗമിച്ചത്‌. "രാജസംഗമം' എന്ന്‌ പേരിട്ട സംഗമത്തിനെത്തിയവർക്ക് പേര് പറഞ്ഞ് പരിചയപ്പെടുത്തേണ്ടി വന്നില്ല. ഹാളിൽ അംഗങ്ങൾ സ്ഥലവും ജോലിയും കുടുംബ വിവരങ്ങളും വിശേഷങ്ങളും പങ്കുവച്ചാണ് പരിചയപ്പെട്ടത്. ഒരുകാലത്ത് ട്രെൻഡിങ് ആയിട്ടുള്ള പേരുകളിൽ ഒന്നാണ് രാജേഷ്. കഴിഞ്ഞ ഡിസംബർ 18ന് തുടക്കം കുറിച്ച വാട്സാപ്പ് ഗ്രൂപ്പിൽ സംസ്ഥാനതലത്തിൽ ഇതുവരെ 520 രാജേഷുമാർ അംഗങ്ങളായിട്ടുണ്ട്. 66 വയസുള്ള പള്ളിക്കുന്ന്‌ സ്വദേശിയും റിട്ട. കനറാ ബാങ്ക്‌ ഉദ്യോഗസ്ഥനുമായ പി എം രാജേഷാണ്‌ സംഗമത്തിനെത്തിയ മുതിർന്ന അംഗം. 37 വയസുള്ള ആലക്കോട്‌ സ്വദേശി കെ ജി രാജേഷ്‌ കുമാറാണ്‌ പ്രായംകുറഞ്ഞ അംഗം. അടുത്തിടെ വാഹനാപകടത്തിൽ മരിച്ച കുറുമാത്തൂർ ചൊറുക്കളയിലെ നേദ്യ രാജേഷിന്റെ പേരിലുള്ള നഗറിലാണ് സംഗമം നടന്നത്. കണ്ണൂർ സിറ്റി എഎസ്ഐയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ രാജേഷ് എ തളിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷനായി. ഗ്രൂപ്പ് ട്രഷറർ രാജേഷ് രാമർ ഗ്രൂപ്പ്നിയമാവലി കരട് രൂപരേഖ അവതരിപ്പിച്ചു. രാജേഷ്‌ പയ്യന്നൂർ, കെ വി രാജേഷ്‌ എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് കൺവീനർ രാജേഷ് കല്യാശേരി സ്വാഗതവും രാജേഷ്‌ കോയ്യോടൻ നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രവർത്തനം നടത്താനും, പ്രയാസങ്ങൾക്ക് കൈത്താങ്ങാവുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രകൃതി സംരക്ഷണം, രക്തദാന സേന രൂപീകരണം, അവയദാനത്തെ പ്രോത്സാഹിപ്പിക്കൽ, ലഹരിക്കെതിരെ ബോധവൽക്കരണം എന്നിവ കേരളം മുഴുവൻ ഏറ്റെടുത്ത്‌ നടത്താനും കുടുംബാംഗങ്ങളുടെ കലാകായിക വിദ്യാഭ്യാസ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും കൂട്ടായ്മ തീരുമാനിച്ചു. രാജേഷ് കൂട്ടായ്‌മ വൃക്ഷത്തൈ നട്ടു. സ്നേഹസദ്യയും ഒരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home