ad
Deshabhimani

കനലോർമകളിലെ പിറന്നാൾമധുരം

നൂറാം ജന്മദിനം ആഘോഷിക്കുന്ന പാരിക്കാപ്പള്ളിൽ ത്രേസ്യാമ്മ മക്കൾക്കൊപ്പം
avatar
മനോഹരൻ കൈതപ്രം

Published on Feb 12, 2026, 03:00 AM | 1 min read

ഇരിട്ടി എൺപതാണ്ട്‌ മുന്പത്തെ കുടിയേറ്റത്തിന്റെ കനലോർമകളുണ്ട്‌ നൂറുതികഞ്ഞ ഇ‍ൗ മുത്തശ്ശിക്ക്‌. മണ്ണിനോടും വന്യമൃഗങ്ങളോടും രോഗങ്ങളോടും പൊരുതിജയിച്ച്‌ ജീവിതം കരുപ്പിടിപ്പിച്ചതിന്റെ ഓർമകൾ. വള്ളിത്തോട്‌ ആനപ്പന്തിയിലെ പാരിക്കാപ്പള്ളിൽ ത്രേസ്യാമ്മയുടെ നൂറാം പിറന്നാളായിരുന്നു ബുധനാഴ്‌ച. നാല്‌ തലമുറ പിന്നിട്ട കുടുംബത്തിലെ എല്ലാവരും ഒത്തുചേർന്ന്‌ നൂറാം പിറന്നാൾ അവിസ്മരണീയമാക്കി. നാടൊന്നടങ്കം ആഘോഷത്തിനൊപ്പം ചേർന്നു. 1946ൽ കുടിയേറ്റത്തിന്റെ ഭാഗമായി മലബാറിലെ ആനപ്പന്തി ചെന്പോത്തിനാടി കവലയിൽ കുടുംബസമേതം എത്തുന്പോൾ ത്രേസ്യക്ക്‌ വയസ്‌ ഇരുപത്‌. ഭർത്താവ്‌ വക്കച്ചന്റെ (വർക്കി) കൈപിടിച്ച് 1946ലാണ്‌ തിരുവിതാംകൂറിൽനിന്നുള്ള ത്രേസ്യാമ്മയുടെ പറിച്ചുനടൽ. സ്വന്തമായി വാങ്ങിയ ഭൂമിയിൽ വിയർപ്പൊഴുക്കി ത്രേസ്യാമ്മ ജീവിതം നട്ടുവളർത്തി. എട്ടുമക്കളിൽ രണ്ടുപേർ കുഞ്ഞുന്നാളിലേ മരിച്ചു. അതിന്റെ ഓർമകളിലേക്ക്‌ മനസെത്തുന്പോൾ മുത്തശ്ശിയുടെ കണ്ണുകൾ ഇപ്പോഴും നിറയുന്നു. കഷ്ടപ്പാടുകൾനിറഞ്ഞ കുടിയേറ്റ കാലത്തും ഉള്ളതിലൊരു പങ്ക്‌ അശരണർക്കായി മാറ്റിവച്ച്‌ ത്രേസ്യാമ്മ നാട്ടുകാരുടെ ത്രേസ്യാമ്മ അമ്മച്ചിയായി. നൂറാംപിറന്നാളിനൊപ്പം മൂത്തമകൾ സിസ്റ്റർ ഡോ. മേരി സൂസന്നയുടെ കന്യാസ്‌ത്രീ സേവനത്തിന്റെ 58ാം വാർഷികം കൂടിയാണ്‌. മക്കളായ കുട്ടിയമ്മ, പി വി ജോസ് (റിട്ട. എസ്ഐ ), ഗ്രേസി (ബംഗളൂരു), ജോയി (യുഎസ്എ), സജി (ബിസിനസ്, പുണെ) എന്നിവർ കൊച്ചുമക്കളുമായി പിറന്നാളിനെത്തി. കല്യാൺ രൂപത ബിഷപ്പ് മാർ. തോമസ് ഇളവനാൽ, തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പാംപ്ലാനി എന്നിവർക്കൊപ്പം നാട്‌ ഒത്തുചേർന്ന ആഘോഷം കുടിയേറ്റത്തിന്റെ ഓർമകൾ പങ്കിടാനുള്ള വേദി കൂടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home