പഴയങ്ങാടി അടിപ്പാത നിർമാണത്തിന് തുടക്കം

മാട്ടൂൽ
അരനൂറ്റാണ്ടിലേറെക്കാലമായുള്ള ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി പഴയങ്ങാടി അടിപ്പാത നിർമാണത്തിന് തുടക്കം. നിലവിലുള്ള അടിപ്പാതക്ക് സമീപത്തായി സംസ്ഥാന സർക്കാർ അനുവദിച്ച ഏഴുകോടി രൂപ ചെലവഴിച്ചാണ് പുതിയ അടിപ്പാത പണിയുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. ആറ് മീറ്റർ വീതിയിൽ പുതിയ അടിപ്പാത നിർമിക്കുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പുതിയങ്ങാടി മൊട്ടാമ്പ്രം, ചൂട്ടാട്, മാട്ടൂൽ ഉൾപ്പടെയുള്ള പ്രദേശത്തേക്കുള്ള വഴിയാണിത്. പഴയങ്ങാടിയിൽനിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് പോകാനും ഈ വഴി മാത്രമാണ് ആശ്രയം. പുതിയ അടിപ്പാത നിര്‍മിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം വിജിന്‍ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ എന്‍ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർക്ക് നിവേദനം നൽകിയതോടെയാണ് പദ്ധതിക്ക് കളമൊരുങ്ങിയത്. പുതിയ അടിപ്പാത, മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യാനായി സംബ്ടാങ്ക്, പുഴയിലേക്ക് ഓവുചാൽ നിർമാണം, അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കൽ, റോഡ് അറ്റകുറ്റപ്പണി, സ്ഥലം ഏറ്റെടുക്കൽ എന്നിവ ഉൾപ്പടെയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെയും റെയിൽവേയുടെയും മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുക. ബോക്സ് രൂപത്തിലുള്ള തുരങ്കം നിർമിച്ച് നിർദ്ദിഷ്ട പദ്ധതി സ്ഥാപിക്കുകയാണ് ചെയ്യുക. ചടങ്ങിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആ ർ ബബിതകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബി സത്യഭാമ, ബി നസീർ, ജില്ലാ പഞ്ചായത്തംഗം എസ് കെ പി സക്കറിയ, ബ്ലോക്ക് പഞ്ചായത്തംഗം വി കെ വിജയൻ, സി നൗഷാദ, കെ പത്മനാഭൻ, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, വി വിനോദ്, എം പി ഉണ്ണിക്കൃഷ്ണൻ, പി വി ബാബുരാജേന്ദ്രൻ, എസ് യു റഫീഖ്, ജസീർ അഹമ്മദ്, പി വി അബ്ദുള്ള, ശ്യാം വിസ്മയ, പി ജനാർദനൻ എന്നിവർ സംസാരിച്ചു. എക്സിക്യുട്ടീവ് എൻജിനിയർ കെ എം ഹരീഷ് സ്വാഗതവും അസി. എൻജിനിയർ കെ ശ്രീരാഗ് നന്ദിയും പറഞ്ഞു











0 comments