ad
Deshabhimani

പാചകവാതക വിലവർധന

ഹോട്ടൽ വ്യാപാര മേഖല സ്‌തംഭിച്ചു

പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച്‌ ഹോട്ടൽ അടച്ചിട്ട് ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ കണ്ണൂർ ഹെഡ് പോസ്റ്റ്ഓഫീസിനുമുന്നിൽ നടത്തിയ 
ധർണ കെ പി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on May 07, 2026, 02:30 AM | 1 min read

കണ്ണൂർ

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിൻഡർ വിലവർധനയ്‌ക്കെതിരായ പ്രതിഷേധത്തിൽ ഹോട്ടൽ വ്യാപാര മേഖല സ്‌തംഭിച്ചു. ഹോട്ടൽ, കാറ്ററിങ് വ്യാപാര മേഖലയിലെ സംഘടനകൾ ആഹ്വാനംചെയ്‌ത കടയടപ്പ്‌ സമരത്തിൽ മുഴുവൻ ഹോട്ടലുകളും അടഞ്ഞുകിടന്നു. വ്യാപാരി വ്യവസായി സമിതി ഉൾപ്പെടെയുള്ള വ്യാപാരി സംഘടനകളും സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്റെ (കെഎച്ച്‌ആർഎ) നേതൃത്വത്തിലാണ്‌ ഹോട്ടലുകൾ അടച്ചിട്ട്‌ പ്രതിഷേധിച്ചത്‌. ഹോട്ടലുകൾ പൂർണമായും അടഞ്ഞുകിടന്നതോടെ ജനം ഭക്ഷണം കിട്ടാതെ വലഞ്ഞു. ആശുപത്രികളുടെയും സ്ഥാപനങ്ങളുടെയും കാന്റീനുകളെയാണ്‌ ഭക്ഷണത്തിനായി ജനം ആശ്രയിച്ചത്‌. ​ ഹെഡ്‌ പോസ്റ്റ്‌ഓഫീസിന്‌ മുന്നിൽ വ്യാപാരികൾ ധർണ നടത്തി. സംസ്ഥാന രക്ഷാധികാരി കെ പി ബാലകൃഷ്‌ണ പൊതുവാൾ ഉദ്‌ഘാടനംചെയ്‌തു. കെ എൻ ഭ‍‍ൂപേഷ്‌ അധ്യക്ഷനായി. പ്രകാശ്‌ ഒണ്ടേൻ, പി സി ശ്യാം‍, ശശി തളിപ്പറമ്പ്‌, ഷാജി തലശേരി എന്നിവർ സംസാരിച്ചു. നാസർ മഠോൾ സ്വാഗതവും എം ലക്ഷ്‌മണൻ നന്ദിയും പറഞ്ഞു. പാചകവാതക വിലവർധന നിയന്ത്രിക്കുക, ഹോട്ടൽ മേഖലയ്‌ക്ക്‌ സബ്‌സിഡിയോ സ്‌പെഷ്യൽ റിലീഫ്‌ പാക്കേജോ അനുവദിക്കാൻ നടപടി സ്വീകരിക്കുക, ഹോട്ടലുകൾക്ക്‌ കുറഞ്ഞ നിരക്കിൽ വാണിജ്യ ഗ്യാസ്‌ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ര‍ൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ധർണയിൽ ഉന്നയിച്ചു. വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ യൂണിറ്റുകളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വെള്ളിയാഴ്‌ച ഹെഡ്‌പോസ്‌റ്റോഫീസിലേക്ക്‌ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്‌. കേരളം ഉൾപ്പെടെ അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെയാണ്‌ എൽപിജി സിലിൻഡറിന്റെ വില കേന്ദ്ര സർക്കാർ കുത്തനെ കൂട്ടിയത്‌. 19 കിലോ വരുന്ന പാചകവാതക സിലിൻഡറിന്‌ 993 രൂപയാണ്‌ വർധിപ്പിച്ചത്‌. ഇതോടെ സിലിൻഡർ വില 3000 കടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home