ad
Deshabhimani

പൂനിറച്ച്‌, പുഞ്ചിരിച്ച്‌

കണ്ണൂർ പുഷ്പോത്സവം ഉദ്ഘാടനം ചെയ്തശേഷം കഥാകൃത്ത് ടി പത്മനാഭൻ പുഷ്പാലങ്കാരങ്ങൾ കാണുന്നു
വെബ് ഡെസ്ക്

Published on Jan 23, 2026, 03:00 AM | 1 min read

കണ്ണൂർ

അക്വേറിയത്തിൽ പ്രകൃതിദൃശ്യം ഒരുക്കുന്ന ‘അക്വ സ്‌കേപിങ്’ മുതൽ മരമുത്തശ്ശിമാർ വരെ. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കളുടെ സുന്ദരലോകത്തിനപ്പുറം പ്രകൃതിയെ സംരക്ഷിക്കേണ്ടതുകൂടി പഠിപ്പിക്കുകയാണ്‌ പൊലീസ്‌ മൈതാനിയിൽ ആരംഭിച്ച കണ്ണൂർ പുഷ്‌പോത്സവം. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ വർണോദ്യാനമാണ്‌ പുഷ്‌പോത്സവത്തിന്റെ പ്രധാന ആകർഷണം. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിച്ച ചെടികളും പൂക്കളുമാണിതിന്‌ ഉപയോഗിച്ചത്‌. വ്യത്യസ്‌ത നിറങ്ങളിലുള്ള പൂക്കളും ഇലച്ചെടികളുംചേർന്ന്‌ തയ്യാറാക്കിയ ഉദ്യാനം കാഴ്‌ചക്കാരെ പിടിച്ചുനിർത്തും. സെൽഫി പോയിന്റുകളും മറ്റുമായി അടുത്ത ദിവസങ്ങളിൽ ഇ‍ൗ ഉദ്യാനമാണ്‌ പുഷ്‌പോത്സവത്തിൽ സജീവമാവുക. വിവിധ വലുപ്പത്തിൽ ഉദ്യാനത്തിന്‌ മാത്രമായി പാകപ്പെടുത്തിയെടുത്ത പൂക്കളും ചെടികളും ആരെയും ആകർഷിക്കും. കാർഷിക സംസ്‌കാരം വളർത്തിയെടുക്കാനുള്ള ശ്രമമാണ്‌ ജില്ലാ അഗ്രി ഹോർടികൾച്ചറൽ സൊസൈറ്റി പുഷ്‌പോത്സവത്തിലൂടെ നടത്തുന്നത്‌. സംസ്ഥാനത്തിന്‌ അകത്തും പുറത്തുമുള്ള നഴ്‌സറി സ്‌റ്റാളുകൾ പുഷ്‌പോത്സവത്തിന്‌ മാറ്റുകൂട്ടുന്നു. വിദേശികളും സ്വദേശികളുമായ ചെടികൾ, നടീൽ വസ്‌തുക്കൾ, ഒ‍ൗഷധസസ്യങ്ങൾ, ജൈവവളം, കീടനാശിനികൾ, മൺപാത്രങ്ങൾ എന്നിവ ഇവിടെയുണ്ട്‌. ആറളം ഫാം, കരിന്പം ഫാം, വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ പ്രൊമോഷൻ ക‍ൗൺസിൽ, അനർട്ട്‌, റെയ്‌ഡ്‌കോ എന്നിവയുടെ പവലിയനുകളും ഫുഡ്‌കോർട്ട്‌, കുട്ടികൾക്കുള്ള അമ്യൂസ്‌മെന്റ്‌ പാർക്ക്‌ എന്നിവയും പുഷ്‌പനഗരിയിലുണ്ട്‌. പുഷ്‌പോത്സവം കഥാകൃത്ത്‌ ടി പത്മനാഭൻ ഉദ്‌ഘാടനം ചെയ്‌തു. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്വാഗതനൃത്തം അരങ്ങേറി. കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, തുളസി ചെങ്ങാട്‌ എന്നിവർ സംസാരിച്ചു. പുരസ്‌കാര ജേതാവ് എൻ വി രാഹുലിനെ ആദരിച്ചു. പി വി രത്‌നാകരൻ സ്വാഗതവും ഡോ. കെ സി വത്സല നന്ദിയും പറഞ്ഞു. കണ്ണൂർ വടക്കൻസിന്റെ കലയാട്ടവും അരങ്ങേറി. വെള്ളിയാഴ്‌ച പകൽ 11ന്‌ പപ്പായ ഉപ്പേരി പാചകമത്സരവും പകൽ മൂന്നിന്‌ പുഷ്‌പാലങ്കാര ക്ലാസും നടക്കും. വൈകീട്ട്‌ 6.30ന്‌ ഹിറ്റ്‌ കലാവേദിയുടെ ഇശൽസന്ധ്യയും അരങ്ങേറും. ഫെബ്രുവരി മൂന്ന്‌ വരെയാണ്‌ കണ്ണൂർ പുഷ്‌പോത്സവം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home