മദ്യം നൽകിയ ശേഷം വിമുക്തഭടന് ക്രൂരമർദ്ദനം, സ്വർണം കവർന്നു; പ്രതികൾ ധ്യാനകേന്ദ്രത്തിൽ നിന്നും പിടിയിൽ

ദീപ, അഖിൽ, പ്രകാശൻ
തിരുവനന്തപുരം: മദ്യം നൽകിയ ശേഷം വിമുക്തഭടനെ ക്രൂരമായി മർദ്ദിച്ച് സ്വർണം കവർന്ന കേസിൽ പ്രതികളെ ധ്യാനകേന്ദ്രത്തിൽ നിന്നും പിടികൂടി. നെയ്യാറ്റിൻകര ആറാലുംമുട് സ്വദേശി ദീപ (44), മകൻ അഖിൽ (25), പ്രകാശൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് മൂവരും പൊലീസിന്റെ പിടിയിലായത്. കടകംപള്ളി ആനയറ സ്വദേശിയായ വിധു (68) ആണ് മർദ്ദനത്തിനും കവർച്ചയ്ക്കും ഇരയായത്.
അറസ്റ്റിലായ ദീപ മുൻപ് ഹണിട്രാപ് കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പോത്തൻകോടി ചന്തവിളയിലായിരുന്നു സംഭവം. എട്ടുമാസമായി പരിചയത്തിലുള്ള മണക്കാട് സ്വദേശി ദീപ എന്ന യുവതിയും രണ്ട് പുരുഷന്മാരും ചേർന്നാണ് കവർച്ച നടത്തിയത് എന്ന് വിധു പറഞ്ഞു. വിധു പുതുതായി ചന്തവിളയിൽ വാങ്ങിയ വീട് കാണാനെന്ന വ്യാജേനയാണ് യുവതിയും മകനും സുഹൃത്തും എത്തിയത്. ഇവർ കൊണ്ടുവന്ന മദ്യം അമിത അളവിൽ നിർബന്ധിച്ച് കുടിപ്പിച്ച് ശേഷമാണ് മർദ്ദിച്ച് അവശനാക്കി സ്വർണ്ണവും പണവും കൈക്കലാക്കിയത്.
സ്വർണമാല, ബ്രേസ്ലെറ്റ്, മൂന്ന് സ്വർണ മോതിരം എന്നിവയടക്കം ഒമ്പത് പവൻ സ്വർണാഭരണങ്ങളും, 8000 രൂപ, എടിഎം, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എക്‌സ് സർവീസ്മാൻ കാർഡ് എന്നിവ അടങ്ങിയ പേഴ്‌സും, മൊബൈൽ ഫോണും സംഘം കൊണ്ടു പോയതായി വിധു പറഞ്ഞു. മർദ്ദനത്തിനിടെ വിധുവിന് നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. ബോധം വീണപ്പോൾ ആശുപത്രിയിൽ ചികിത്സ തേടി. ശേഷം ചൊവ്വാഴ്ചയാണ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്. എട്ടുമാസം മുമ്പ് നഗരത്തിലെ ഹോട്ടലിൽ വെച്ചാണ് മണക്കാട് സ്വദേശിയായ ദീപയെ പരിചയപ്പെട്ടതെന്നാണ് വിധു പറയുന്നത്. ഫോൺ ലൊക്കേഷൻ എടുത്താണ് മൂവരെയും പൊലീസ് കുടുക്കിയത്.










0 comments