പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു : ബംഗളൂരുവിൽ പതിനാല് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ദേവനഹള്ളിയിൽ ജൂലൈ 17നാണ് സംഭവം.
വെങ്കിട്ടരമണ, രേണുക, നവീൻ എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രദർശനത്തിനെന്ന പേരിൽ രേണുക പതിനാലുകാരിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വെങ്കിട്ടരമണയുടേയും നവീനിന്റെയും അടുത്ത് കൊണ്ടുപോവുകയായിരുന്നു. ഓട്ടോറിക്ഷയിൽ കയറ്റി ആരുമില്ലാത്തിടത്തേക്ക് പെൺകുട്ടിയെ കൊണ്ടുപോവുകയും അവിടെവെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. ഭയന്ന പെൺകുട്ടി തനിക്ക് ഉടൻ വീട്ടിലെത്തണമെന്ന് വാശിപിടിച്ചു. എന്നാൽ മദ്യപിച്ചത് വീട്ടിലറിഞ്ഞാൽ പ്രശ്നമാകുമെന്ന് പറഞ്ഞ് സംഘം പെൺകുട്ടിയെ ഭയപ്പെടുത്തുകയായിരുന്നു. പിന്നാലെ, നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ പെൺകുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട പ്രതികൾ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
രാത്രി മുഴുവൻ എവിടെയായിരുന്നുവെന്ന് അമ്മ ചോദിച്ചപ്പോഴാണ് പെൺകുട്ടി കാര്യങ്ങൾ പറയുന്നത്. ഉടൻ തന്നെ അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.










0 comments