പ്ലസ്ടുക്കാർക്കായി ബിഎസ്‌സി നഴ്സിങ് പ്രോഗ്രാം

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസി (AFMS)ന്റെ കീഴിലുള്ള വിവിധ നഴ്സിങ് കോളേജുകളിൽ ബിഎസ്‌സി നഴ്സിങ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നീറ്റ് യുജി 2026ൽ യോഗ്യത നേടിയ പെൺകുട്ടികൾക്കാണ് അവസരം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കമീഷൻഡ് ഓഫീസർ പദവിയോടെ സായുധസേനയിൽ നഴ്സായി ജോലി ലഭിക്കും. ഫീസ്, താമസം, ഭക്ഷണം, യൂണിഫോം തുടങ്ങിയവയെല്ലാം സൗജന്യം. സ്റ്റൈ പെൻഡും ലഭിക്കും. കോഴ്സിനുശേഷം നിശ്ചിതകാലം സേവനമനുഷ്ഠിക്കാമെന്ന ബോണ്ട്, പ്രവേശന സമയത്ത് നൽകണം. ജൂലൈ 31 വരെ ഓൺലൈനിൽ അപേക്ഷ നൽകാം. പുണെ (40 സീറ്റ് ), കൊൽക്കത്ത (30), മുംബൈ ( 40), ന്യൂഡൽഹി (30), ലക്നൗ (40), ബംഗളൂരു (40) എന്നിവിടങ്ങളിലെ സൈനിക ആശുപത്രികളോടുചേർന്ന് പ്രവർത്തിക്കുന്ന നഴ്സിങ് കോളേജുകളിലെ 220 സീറ്റുകളിലേക്കാണ് പ്രവേശനം.
യോഗ്യത
ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് ആദ്യശ്രമത്തിൽ തന്നെ 50 ശതമാനം മാർക്കോടെ റെഗുലർ പ്ലസ്ടു പൂർത്തിയാക്കുന്ന പെൺകുട്ടികളായിരിക്കണം. 2001 ഒക്ടോബർ ഒന്നിനും 2009 സെപ്‌തംബർ 30നുമിടയിൽ (രണ്ട് ദിവസവും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അവിവാഹിതർ, വിവാഹമോചിതർ, ബാധ്യതകളില്ലാത്ത വിധവകൾ എന്നിവരെയാണ് പരിഗണിക്കുക. 152 സെന്റീമീറ്ററിൽ കുറയാതെ ഉയരവും ഫിസിക്കൽ ഫിറ്റ്നസും വേണം.
പ്രവേശന രീതി
നീറ്റ് യുജി 2026 സ്കോർ, കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ഓഫ് ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് (ടിഒജിഐജിഇ), സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ് (പിഎടി), ഇന്റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ ടിഒഇഎൽആർ എന്ന 30 മിനിറ്റ് പരീക്ഷയിൽ 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് രണ്ടുമാർക്ക്. ഉത്തരം തെറ്റിയാൽ അര മാർക്കുവീതം കുറയും. ഇന്റർവ്യൂവിൽ പ്ലസ്ടുവരെ പഠിച്ച വിഷയങ്ങൾ, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, ഹോബികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
വിവരങ്ങൾക്ക്: www.join indianarmy.nic.in, ഫോൺ: 011-21411793 ഇ–മെയിൽ: plan. [email protected]










0 comments