ഇന്ത്യയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: ബ്രിട്ടനിലെ നാല് നഗരങ്ങളിൽ എസ് എഫ് ഐ-യുകെയുടെ പ്രതിഷേധം

എസ് എഫ് ഐ- യുകെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ
ലണ്ടൻ: ഇന്ത്യയിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ - യുണൈറ്റഡ് കിംഗ്ഡം യുകെയിലെ നാല് നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ജൂലൈ 20നായിരുന്നു പ്രകടനങ്ങൾ. ഇന്ത്യയിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് കരുത്തുപകരാൻ എഡിൻബർഗ്, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റർ, ലണ്ടൻ എന്നീ നഗരങ്ങളിലാണ് പ്രതിഷേധങ്ങൾ നടന്നത്. എസ് എഫ് ഐ-യുകെയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രകടനങ്ങളിൽ യുകെയിലുള്ള ധാരാളം ഇന്ത്യൻ വിദ്യാർഥികൾ പങ്കെടുത്തു.
ലണ്ടനിൽ, ഇന്ത്യൻ യുവാക്കളുടെ ആശങ്കകൾ പ്രതിഫലിപ്പിക്കുന്നതിനും സമരത്തിന് പിന്തുണ നൽകുന്നതിനുമായി വിദ്യാർത്ഥികളും പുരോഗമനപരമായ ദക്ഷിണേഷ്യൻ സംഘടനകളും ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചു. വിദ്യാർഥി പ്രസ്ഥാനത്തോട് നിലവിലെ വലതുപക്ഷ സർക്കാർ കാണിക്കുന്ന സമീപനത്തിൽ പ്രവാസ ലോകത്തെ വിവിധ ഭാഗത്തുള്ളവർ തങ്ങളുടെ അമർഷവും നിരാശയും രേഖപ്പെടുത്തി.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യയുടെ തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുമായി വിദ്യാർഥികളും യുവാക്കളും ഒരു മാസത്തിലേറെയായി പ്രതിഷേധത്തിലാണ്. മേയ് ആദ്യം നടന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതാണ് ഈ വലിയ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാർഥികൾ ഇതോടെ മാനസികമായി തകരുകയും, ഇതിന്റെ ആഘാതത്തിൽ നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയും ഉണ്ടായി.
തുടർന്ന് വിദ്യാർഥി സംഘടനകളും പുതുതായി രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടിയും' യുവാക്കളെ ഒരുമിച്ച് കൂട്ടി രംഗത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും വിദ്യാഭ്യാസ സമ്പ്രദായം പൂർണമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഈ മുന്നേറ്റം. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ ഒരു പ്രതിരോധ കേന്ദ്രം ആരംഭിക്കുകയും, പ്രമുഖ ആക്ടിവിസ്റ്റുകൾ, ധൈഷണികര്‍, രാഷ്ട്രീയ നേതാക്കൾ എന്നിവരിൽ നിന്ന് ഇവർക്ക് ഐക്യദാർഢ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ വിദ്യാർഥികൾക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് എസ് എഫ് ഐ-യുകെ രംഗത്തെത്തിയിരിക്കുന്നത്. എല്ലാവർക്കും നീതിയുക്തമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ആവശ്യത്തെ സംഘടന ശക്തമായി പിന്തുണയ്ക്കുന്നു. വിദേശത്തുള്ള വിദ്യാർഥികൾ നാട്ടിലെ വിദ്യാർഥികൾക്കൊപ്പം അണിനിരക്കുന്നുവെന്ന് വ്യക്തമാക്കാനാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. സുതാര്യവും നീതിയുക്തവും ഉത്തരവാദിത്തമുള്ളതുമായ വിദ്യാഭ്യാസത്തിനും, പൊലീസ് അടിച്ചമർത്തലുകൾ ഇല്ലാതെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനും വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. ഡൽഹിയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും ശ്രദ്ധ ചെലുത്തണമെന്നും വിദ്യാർഥികളെ കുറ്റവാളികളാക്കുന്നതിന് പകരം അവരുടെ ആവശ്യങ്ങളുമായി സംവാദത്തിൽ ഏർപ്പെടാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.










0 comments