കൊലക്കേസ് പ്രതിയായ ആർഎസ്‌എസ്സുകാരൻ കഞ്ചാവുമായി അറസ്‌റ്റിൽ

തലശേരി
ബംഗളൂരുവിൽനിന്ന് വിൽപ്പനയ്‌ക്ക് കൊണ്ടുവന്ന കഞ്ചാവുമായി ആർഎസ്‌എസ്സുകാരനായ കൊലക്കേസ് പ്രതി പിടിയിൽ. തലായിയിലെ സിപിഐ എം നേതാവ് ലതേഷ് വധക്കേസ് പ്രതി തലായിയിലെ ബംഗാളി ശരത്തിനെ (35)യാണ് 826 ഗ്രാം കഞ്ചാവുമായി പിടിച്ചത്. പുതിയബസ്‌സ്‌റ്റാൻഡിലെ ബസ്‌ഷെൽട്ടറിന് സമീപത്തുനിന്ന് ഞായർ രാവിലെ 6.35നാണ് പ്രതി പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. കണ്ണൂർ ലോക്കൽ ബസ് നിർത്തുന്ന ഷെൽട്ടറിന് സമീപം സംശയകരമായ സാഹചര്യത്തിൽ ബാഗുമായി ശരത്ത് നിൽകുന്നതുകണ്ടാണ് പൊലീസ് ശ്രദ്ധിച്ചത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കസ്‌റ്റഡിയിലെടുത്തു. ബംഗളൂരുവിൽനിന്ന് 4000 രൂപക്ക് ആന്ധ്രക്കാരനിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു. വിൽപ്പനയ്‌ക്ക് എത്തിച്ചപ്പോഴാണ് പൊലീസിന് മുന്നിൽപ്പെട്ടത്. പണംതട്ടിപ്പറിച്ച കേസിലും പ്രതി തലശേരി പഴയബസ്‌സ്‌റ്റാൻഡ് ജൂബിലിഷോപ്പിങ്ങ് കോംപ്ലക്‌സ് പരിസരത്തുനിന്ന് പണംതട്ടിപ്പറിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ശരത്ത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിൽപ്പനയാണ് പ്രധാന തൊഴിൽ. കൊലക്കേസ് പ്രതിയായതിനാൽ സംഘ്‌പരിവാർ സംരക്ഷണത്തിലാണ് ലഹരി വ്യാപാരം. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ നേതാവുമായ ലതേഷിനെ 2008 ഡിസംബർ 31നാണ് തലായി കടപ്പുറത്തുവച്ച് ബംഗാളി ശരത്ത് ഉൾപ്പെട്ട സംഘം വെട്ടിക്കൊന്നത്. ലതേഷ് വധക്കേസ് വിചാരണ തലശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ നടക്കുകയാണ്. ഇതിനിടയിലാണ് കഞ്ചാവുമായി പ്രധാന പ്രതിയെ പിടിച്ചത്. ആർഎസ്‌എസ് പ്രതിരോധത്തിൽ മാഹി പള്ളൂരിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതി പാനൂർ കെസി മുക്കിലെ അരുൺ ഭാസ്‌കറിനെ എംഡിഎംഎ കേസിൽ ഇടുക്കി കട്ടപ്പന പൊലീസ് കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്ന് പിടിച്ചിരുന്നു. ആർഎസ്‌എസ്സുകാർ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരി മാഫിയാ സംഘത്തിലെ പ്രധാന കണ്ണികളാണ് ബംഗാളി ശരത്തും അരുൺ ഭാസ്‌കറും ഉൾപ്പെടെയുള്ളവർ. ലഹരിവിൽപ്പനക്കാരായ സ്വയംസേവകർ പിടിയിലായത് ആർഎസ്‌എസ് നേതൃത്വത്തെയും പ്രതിരോധത്തിലാക്കുകയാണ്.








0 comments