വളപട്ടണം ഫുട്‌ബോൾ ആരവത്തിലേക്ക്

വളപട്ടണം വളപട്ടണം ടൗണ്‍ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന എ കെ കുഞ്ഞിമായന്‍ഹാജി സ്മാരക 31ാംമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച തുടങ്ങും. വളപട്ടണം സി എന്‍ കുഞ്ഞഹമ്മദ് ഹാജി സ്മാരക പഞ്ചായത്ത് ഫ്ലഡ് ലിറ്റ് മിനി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് കെ വി സുമേഷ് എംഎല്‍എയുടെ ആദ്യ കിക്കോടെ മത്സരങ്ങൾ ആരംഭിക്കും. ഇനിയുള്ള ദിനരാത്രങ്ങളില്‍ കാൽപന്ത് കളിയുടെ അടങ്ങാത്ത ആവേശത്താൽ വളപട്ടണം ദേശം മുഖരിതമാവും . ആർപ്പുവിളികളും ആരവവുമായി തിങ്ങി നിറഞ്ഞ ഗാലറികൾ വളപട്ടണത്തുകാർക്ക് കാൽപന്ത് കളിയോടുള്ള അഭിനിവേശത്തെ അടയാളപ്പെടുത്തും. 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടത്തുക. ഫുട്ബോൾ പ്രമേികളെ ത്രസിപ്പിക്കുന്ന പോരാട്ടം കാണാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരങ്ങൾ ഒഴുകിയെത്താറുണ്ട്. ഉത്തര മലബാറിലെ പ്രസിദ്ധമായ വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ്ബാണ് ടൂർണമെന്റിന്റെ സംഘാടകർ. എ കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണകപ്പും ആര്‍എജി ഹോള്‍ ഡിങ് നല്‍കുന്ന ഒരുലക്ഷം രൂപയും വിജയികളാവുന്ന ടീമിന് സമ്മാനമായി ലഭിക്കും.ഫെബ്രുവരി എട്ടിനാണ് 23 ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തിന്റെ ഫൈനല്‍. വ്യാഴം നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കെആര്‍എസ് സി കോഴിക്കോട് പള്ളിപറമ്പ് മമ്മാസ് കേറ്ററിങ് ജിംഖാനയ്ക്കുവേണ്ടി കളത്തിലിറങ്ങും. അവരെ നേരിടുന്നത് ഷൂട്ടേഴ്സ് പടന്നയാണ്. ടൂര്‍ണമെന്റില്‍നിന്നുണ്ടാകുന്ന ആദായം ഫുട്ബോള്‍ കോച്ചിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്. 2015 ല്‍ ആരംഭിച്ച ഫുട്ബോള്‍ കോച്ചിങ് ക്യാമ്പിലൂടെ ഒരു ഫുട്ബോള്‍ ടീമിനെ വാര്‍ത്തെടുക്കുകയും ആ ടീം കഴിഞ്ഞ സീസണില്‍ ജില്ലാ സുപ്പര്‍ലീഗ് മത്സരത്തില്‍ പങ്കെടുക്കുകയുമുണ്ടായി. മത്സരത്തിന്റെ ഗാലറി പാസിന് 1300 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് ദിവസേനയുള്ള ഗാലറി ടിക്കറ്റിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 700 രൂപയുമാണ് ഇൗടാക്കുന്നത്.










0 comments