അധ്യാപക പുരസ്കാരം വിനോദ് കുമാറിന്
സ്‌നേഹത്തിന്റെ ‘ജീവശാസ്‌ത്ര’ പാഠം

ടി കെ അനൂപ്
Published on Sep 02, 2026, 02:00 AM | 1 min read
പിണറായി
ക്ലാസ് മുറികളിലൊരുക്കിയ സ്‌നേഹത്തിന്റെ ‘ജീവശാസ്‌ത്ര’ പാഠത്തിനാണ് ഇത്തവണത്തെ സംസ്ഥാന അധ്യാപക പുരസ്‌കാരം മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ കെ വിനോദ് കുമാറിനെ തേടിയെത്തിയത്. 1997ൽ ജീവശാസ്‌ത്രം അധ്യാപകനായെത്തിയ വിനോദ്‌കുമാർ പിന്നീട് കലോത്സവ വേദികളിലെ മികച്ച സംഘാടകനായും കായിക മത്സരവേദികളിൽ കുട്ടികളുടെ വഴികാട്ടിയായും കഴിവ് തെളിയിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് കഴിവുള്ളവരെ കൂടുതൽ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ ചേർത്തുനിർത്തിയും ‘മക്കളേ’ എന്ന വിളിയിലൂടെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാകുകയായിരുന്നു. വോളിബോൾ, ഹാൻഡ്ബോൾ, സോഫ്റ്റ്ബോൾ, നീന്തൽ, റഗ്ബി, ഫുട്ബോൾ ഇനങ്ങളിൽ മമ്പറം സ്കൂൾ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയപ്പോഴും സംസ്ഥാന മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചപ്പോഴും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മമ്പറത്തിന്റെ കുട്ടികൾ മികവ് തെളിയിച്ചപ്പോഴും നേതൃത്വവുമായി വിനോദുണ്ടായി. 2500ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ ശിക്ഷയേക്കാൾ തിരുത്തുനൽകിയും ഭയപ്പെടുത്തുന്നതിനേക്കാൾ ആത്മവിശ്വാസം നൽകിയുമാണ് മികച്ചതാക്കാൻ ശ്രമിക്കുന്നതെന്ന് വിനോദ് പറഞ്ഞു. ജീവശാസ്ത്രത്തിൽ സംസ്ഥാന റിസോഴ്സ് പേഴ്സണുമായിരുന്നു. ഭാര്യ: എ കെ സിജന. മക്കൾ: വരുൺ വിനോദ്, രുദ്രു വിനോദ്.









0 comments