പാഴ്‌വസ്-തുക്കൾ വലിച്ചെറിയല്ലേ... ധനമാണത്

പാപ്പിനിശേരിയിലെ വനിതകൾ പാഴ് വസ്തുക്കളിൽനിന്ന് നിർമിച്ച അലങ്കാര വസ്തുക്കൾ
പാപ്പിനിശേരി
വലിച്ചെറിയുന്ന പഴന്തുണിയും കുപ്പിയും പാഴ്വസ്തുക്കളും വീടുകൾക്ക് വരുമാനമെത്തിക്കുന്ന ധന ശ്രോതസുകളാക്കുകയാണ് പാപ്പിനിശേരിയിലെ ഒരുകൂട്ടം വീട്ടമ്മമാർ. മാലിന്യ സംസ്കരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താൻ കണ്ണൂർ ടെക്നീഷ്യൻസ് ആൻഡ് ഫാർമേഴ്സ് കോ- ഓഡിനേഷൻ സൊസൈറ്റി (ടാഫ് കോസ്) യുടെ സഹകരണത്തോടെയാണ് മാലിന്യത്തിൽനിന്ന് ധനം പദ്ധതിക്ക് തുടക്കമിട്ടത്. കൂടുതൽ മേഖലകളിലേക്ക് പരിശീലനം വ്യാപിപ്പിച്ച് സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് ലക്ഷ്യം പാഴ് തുണികൾ, പ്ലാസ്റ്റിക്ക് റോപ്പുകൾ, ചില്ല് കുപ്പി കൾ തുടങ്ങിയവ ഉപയോഗിച്ച് അലങ്കാര വസ്തുക്കളും ചെടിച്ചട്ടി കൾ, ചവുട്ടികൾ തുടങ്ങിയവ നിർമിക്കുന്നതിനുള്ള പരിശീലനങ്ങൾ വനിതകൾക്ക് നൽകിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഹരിത കർമസേനാ അംഗങ്ങൾക്ക് മാത്രമായിരുന്നു ഇതുവരെ പരിശീലനം നൽകിയത്. ഇനി ഗ്രന്ഥശാലകൾ, കലാലയങ്ങൾ, വിദ്യാലയങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കും. പാപ്പിനിശേരി പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപ് കുമാർ നിർവഹിച്ചു. ടഫ്‌കോസ് പ്രസിഡന്റ് ഇ കെ സോമശേഖരൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി ശോഭ, എം സുജിന, അമൽ സോമൻ എന്നിവർ വിശദീകരിച്ചു. ദിവ്യ കണ്ണപുരം, സീന, രമ ചെറുവത്തൂർ, സീന മയ്യിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മയ്യിൽ വേളം പൊതുജന വായനശാലയിൽ പരിശീലനം ബ്ലോക്ക് - പഞ്ചായത്ത് അംഗം യു ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് വിളക്കോട് പൊതുജന വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഹംസ ഉദ്ഘാടനം ചെയ്തു. ടാഫ്കോസ് പ്രസിഡന്റ് ഇ കെ സോമശേഖരൻ സംസാരിച്ചു. ടാഫ് കോസ് പ്രവർത്തകരായ വി വി ബാലകൃഷ്ണൻ, ജയപ്രകാശ് പന്തക്ക, ടി ശോഭ, എം സുജ്ന, കാർത്യായനി എന്നിവർ പരിശീലനം നയിച്ചു. പരിശീലനം സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ 9744333345 എന്ന നമ്പരിൽ ബന്ധപ്പെടണം.










0 comments