പച്ചപ്പൊരുക്കി നാട്

രവീന്ദ്രൻ കോയിലോട്
Published on Jun 06, 2025, 03:00 AM | 1 min read
കൂത്തുപറമ്പ്
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ 72–-ാം വയസിലും സജീവ സാന്നിധ്യമാണ് നിർമലഗിരിയിലെ പി പി മോഹനൻ. റാണി ജയ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം 12 വർഷംമുമ്പ് നട്ട അരയാലിപ്പോൾ വലിയ തണൽ വൃക്ഷമായി. വിദ്യാർഥികൾ ഉൾപ്പെടെ വേനലിൽ ബസ് കാത്തുനിൽക്കുന്നത് ഈ മരത്തണലിലാണ്. രാമപുരം ശിവ–-വിഷ്ണുക്ഷേത്രം, കൈതേരി നീല കരിങ്കാളി പോർക്കലി ഭഗവതി ക്ഷേത്രം, മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും അരയാൽ നട്ടുപിടിപ്പിച്ചു. പലയിടങ്ങളിലും അരയാൽ വളർന്ന് പന്തലിച്ചു. വൃക്ഷത്തൈകൾ നട്ടാൽ മൂന്നുവർഷക്കാലം വെള്ളവും വളവും നൽകി പരിപാലിക്കും. നെല്ലി, ഞാവൽ, പുളി, കണിക്കൊന്ന തുടങ്ങിയവയും നട്ടുവളർത്തുന്നുണ്ട്. ഓരോ പരിസ്ഥിതി ദിനം കടന്നുപോകുമ്പോഴും ഓർമിക്കാൻ വ്യത്യസ്തങ്ങളായ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. എഴുപതാമത്തെ വയസ്സിൽ പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതി വിജയിച്ചും ശ്രദ്ധേയനായി. പരിസ്ഥിതി പ്രവർത്തനം ജീവിതചര്യയാക്കാൻതന്നെയാണ് ബേക്കറി വ്യാപാരിയായിരുന്ന മോഹനന്റെ തീരുമാനം.









0 comments