അഴീക്കോട് സുമേഷിന് ഫുൾ മാർക്ക്

കെ വി സുമേഷ്
പി പി സതീഷ് കുമാർ
Published on Mar 26, 2026, 02:00 AM | 2 min read
കണ്ണൂർ
അഴീക്കോടിന്റെ ചിത്രവും ചരിത്രവും മാറ്റിയെഴുതിയ പ്രതിനിധിയാണ് കെ വി സുമേഷ്. നമ്മളിൽ ഒരാളെന്ന് സകലമനുഷ്യരിലും തോന്നലുണ്ടാക്കുന്ന ഒരാൾ. അന്യമത വിദ്വേഷത്തിന്റെ വെറുപ്പ് ആളിക്കത്തിച്ച് എക്കാലവും ജയിക്കാമെന്ന അഹന്തയെ വലിച്ചുതാഴെയിട്ടാണ് സുമേഷ് അഞ്ചുവർഷം മുന്പ് അഴീക്കോടിന്റെ ജനപ്രതിനിധിയായത്. അഴീക്കോടിന്റെ തെരഞ്ഞെടുപ്പ് ശരിയായിരുന്നുവെന്നാണ് അഞ്ചുവർഷത്തിനിപ്പുറം ഇവിടുത്തെ ഓരോ മനുഷ്യരുടെയും അനുഭവസാക്ഷ്യം. ആ ജനപ്രീതിയോട് ഏറ്റുമുട്ടാൻ ഭയന്നാണ് കെ എം ഷാജി വേങ്ങരയിലേക്ക് ദേശാന്തരഗമനത്തിന് പുറപ്പെട്ടത്. 2021ലെ തെരഞ്ഞെടുപ്പിൽ അഴീക്കോട് കേരളത്തിൽ ഏറ്റവും നിർണായകമായ പോരാട്ടം നടന്ന പത്തുമണ്ഡലങ്ങളിൽ ഒന്നായിരുന്നു. പ്രവചനാതീതമെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തിയ പോരാട്ടത്തിലാണ് ഹാട്രിക് വിജയം ലക്ഷ്യംവച്ചിറങ്ങിയ കെ എം ഷാജിയെ കെ വി സുമേഷ് 6,141 വോട്ടിന് മലർത്തിയടിച്ചത്. അഞ്ചുവർഷത്തിനിപ്പുറം അഴീക്കോട് പ്രവചനാതീതമായ മണ്ഡലങ്ങളുടെ പട്ടികയിൽ ഒരിടത്തുമില്ല. പല വാർത്താചാനലുകളും നടത്തിയ സർവേകളിൽ ഏറ്റവും ജനപ്രീതിയുള്ള എംഎൽഎമാരുടെ മുൻനിരയിലാണ് കെ വി സുമേഷിന്റെ ഇടം. അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാർഥി അബ്‌ദുൾ കരീം ചേലേരിക്ക് എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാനാകുമെന്ന് ആരും കരുതുന്നില്ല. കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന്, പുഴാതി സോണലുകളും ചിറക്കൽ, അഴീക്കോട്, നാറാത്ത്, വളപട്ടണം, പാപ്പിനിശേരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അഴീക്കോട് മണ്ഡലം. ചിറക്കൽ, അഴീക്കോട്, പാപ്പിനിശേരി പഞ്ചായത്തുകൾ എൽഡിഎഫിന്റേതാണ്. 1977ൽ നിലവിൽ വന്ന മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതാവ് ചടയൻ ഗോവിന്ദനാണ് വിജയിച്ചത്. തുടർന്ന് രണ്ടുവട്ടം സിപിഐ എമ്മിലെ പി ദേവൂട്ടി. 1987-ൽ യുഡിഎഫിനൊപ്പം ചേർന്ന് എം വി രാഘവൻ നിയമസഭയിലെത്തി. അടുത്തതവണ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. സിപിഐ എമ്മിലെ ഇ പി ജയരാജനും പിന്നീട് ടി കെ ബാലനും തെരഞ്ഞെടുക്കപ്പെട്ടു. 2005-ലെ ഉപതെരഞ്ഞെടുപ്പിലും 2006ലും എം പ്രകാശൻ ജയിച്ചു. 2011ൽ 493 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ എം ഷാജി ജയിച്ചത്. 2016ലും ജയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമായ സുമേഷ് 2015 മുതൽ 20വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റും കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാനുമായിരുന്നു. ചിറക്കലാണ് താമസം. പുതിയതെരുവിലെ ഗതാഗത ക്രമീകരണം മുതൽ ആധുനികവൽക്കരിച്ച അഴീക്കൽ മത്സ്യബന്ധന തുറമുഖംവരെയുള്ള വികസനം ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ടുതേടുന്നത്. മുസ്ലിംലീഗ് ജില്ലാപ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ് യുഡിഎഫ് സ്ഥാനാർഥി . തളിപ്പറന്പ് സി എച്ച് സെന്റർ ജനറൽ സെക്രട്ടറിയാണ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാറാണ് എൻഡിഎ സ്ഥാനാർഥി.










0 comments